ന്യൂഡൽഹി: പാകിസ്താനുമുന്നിൽ രാജ്യം കീഴടങ്ങിയെന്ന രീതിയിലുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യദ്രോഹമെന്ന് ബി.ജെ.പി. രാഹുലിന്റെ പ്രസ്താവന സൈന്യത്തെ മാത്രമല്ല, രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ എക്സിൽ കുറിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോൺ ചെയ്തതോടെയാണ് ഇന്ത്യ യുദ്ധം നിർത്തിയതെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും കീഴടങ്ങിയിരിക്കാമെന്നും എന്നാൽ, ഈ രാജ്യത്തിന്റെ പാരമ്പര്യം അങ്ങനെയല്ലെന്നും നഡ്ഡ കുറിപ്പിൽ പറഞ്ഞു. കീഴടങ്ങൽ എന്നത് കോൺഗ്രസിന്റെ നിഘണ്ടുവിലുള്ളതാണ്. അവർ തീവ്രവാദത്തിനും 1962ലെ യുദ്ധത്തിലും 1948ലും കീഴടങ്ങി. രാജ്യം സ്വതന്ത്രമായ സമയത്ത് മുസ്ലിം ലീഗിന് പോലും കീഴടങ്ങിയ ചരിത്രമാണ് കോൺഗ്രസിന്റേതെന്നും നഡ്ഡ പറഞ്ഞു. പാക് ഭരണകൂടവും അവിടെയുള്ള തീവ്രവാദികളും പോലും പറയാത്ത വാക്കുകളാണ് രാഹുലിന്റേതെന്ന് ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ഇൻഡ്യ സഖ്യത്തിന് പേരിൽ രാജ്യവും ഹൃദയത്തിൽ പാകിസ്താനുമാണെന്നും അദ്ദേഹം ആരോപിച്ചു.