കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷം എന്ന നിലയില്‍ ലഭിച്ച മേല്‍ക്കൈ ലൈംഗിക ആരോപണത്തില്‍ തകരുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
രാഹുലിനെതിരെ ആരോപണം ഉയര്‍ന്നയുടന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെപ്പിച്ചത് സമ്മര്‍ദ്ദം ഒഴിവാക്കാനാണ്. എന്നാല്‍, രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സമരം കടുപ്പിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.
രാജിവെക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം ആയിരിക്കും നിര്‍ണായകമാവുക. രാഹുല്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ബഷീര്‍ വള്ളിക്കുന്നിന്റെ അഭിപ്രായം. രാജിവെച്ചില്ലെങ്കില്‍ എല്‍ഡിഎഫിന് രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്നും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബഷീര്‍ ഓര്‍മിപ്പിക്കുന്നു.
ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കോണ്‍ഗ്രസുകാരെ ഉപദേശിക്കുകയാണെന്ന് കരുതരുത്, ഇപ്പോള്‍ എടുക്കാവുന്ന ഏറ്റവും വലിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഹുല്‍ മാങ്കൂട്ടത്തിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അത് വഴി രാഷ്ട്രീയ നൈതികതയുടെ ഏറ്റവും വലിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒരു തിരിച്ചു വരവിനുള്ള സൃഷ്ടിപരമായ ശ്രമങ്ങള്‍ നടക്കുന്ന ഒരു ഘട്ടമാണിത്. അതിന് ഏറ്റവും പിന്തുണ കൊടുക്കേണ്ട ഒരു ഘടകമാണ് കേരളം. ആ കേരളത്തിലെ പാര്‍ട്ടിയുടെ സാദ്ധ്യതകള്‍ അപ്പാടെ തകര്‍ത്ത് കളയുന്ന ഒരു ആറ്റം ബോംബാണ് ഇപ്പോള്‍ പൊട്ടിയിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ത്രീ നടത്തിയ ഒറ്റപ്പെട്ട ആരോപണങ്ങളല്ല, നിരവധി സ്ത്രീകള്‍ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വഞ്ചനകളും ലൈംഗിക ചൂഷണങ്ങളുമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത വിധം ഓഡിയോകളും ചാറ്റുകളുമടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കുകയാണ്. സൈബര്‍ സ്‌പെയിസില്‍ നിന്ന് ഒരിക്കലും മായ്ച്ചു കളയാന്‍ ആവാത്തവിധം ഈ യുവനേതാവിനാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളുടെ വൈകാരികതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് കനത്ത പ്രഹരമേല്പിക്കും. പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍.
സിപിഎം രാജി ആവശ്യപ്പെടാത്തത് ഇതിന്റെ രാഷ്ട്രീയ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്നാണ് വ്യക്തിപരമായ എന്റെ കണക്ക് കൂട്ടല്‍.. അദ്ദേഹത്തെ പുറത്താകാതെ കോണ്‍ഗ്രസ്സ് എംഎല്‍എ സ്ഥാനത്ത് സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അതിന്റെ രാഷ്ട്രീയ ലാഭം സിപിഎമ്മിന് ലഭിക്കും എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇപ്പോള്‍ വലിയ ബഹളം ഉണ്ടാകാതെ കയ്യും കെട്ടി നിന്നാല്‍ മാത്രം മതി. മാങ്കൂട്ടത്തെ കോണ്‍ഗ്രസ്സ് നിയമസഭയില്‍ നിന്ന് പുറത്താക്കിയാല്‍ അതായിരിക്കില്ല സ്ഥിതി. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ധാര്‍മികതക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാവും. പല ലൈംഗിക ആരോപണങ്ങളും ഉയര്‍ന്ന ശേഷവും മുകേഷ് അടക്കമുള്ള നേതാക്കളെ തുടരാന്‍ അനുവദിച്ച സി പി എമ്മിനെതിരെ ഒരു തിരിച്ചടി ആയുധവും കൂടി അത് വഴി കോണ്‍ഗ്രസ്സിന് ലഭിക്കും. ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും വലിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരിക്കുമത്.
പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് പെട്ടെന്ന് തന്നെ പുറത്താക്കിയത് നല്ല കാര്യമാണ്. പ്രശ്‌നത്തിന്റെ ആഴവും ഗൗരവസ്വഭാവവും പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ ആ നിലപാടെടുത്തത്. പക്ഷേ വ്യക്തി ജീവിതത്തിലൂടെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്പിച്ച മാങ്കൂട്ടം ആ രാജി വെക്കുന്ന ഘട്ടത്തില്‍ പോലും പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരെയും തിരിഞ്ഞു കുത്തുകയാണ് ചെയ്തത്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ രാജി വെക്കുന്നത് എന്നാണ് അയാള്‍ പറഞ്ഞത്. ഈ നിമിഷം വരെ ആരും എന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന് വാച്ച് നോക്കി പറയുകയായിരുന്നു അയാള്‍. എന്റെ സ്വന്തം തീരുമാനമാണ് എന്ന് .. നോക്കൂ, ആ ഘട്ടത്തില്‍ പോലും അയാള്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനല്ല, ദയനീയമാം വിധം 'ഇമേജ്' സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
അദ്ദേഹം എം എല്‍ എ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം അത് രാഹുല്‍ മാങ്കൂട്ടമെന്ന വ്യക്തിയുടെ മാത്രം രാഷ്ട്രീയ ഭാവിയുടെ പ്രശ്‌നമല്ല, അദ്ദേഹത്തെ രാഷ്ട്രീയ ധാരയില്‍ ഉയര്‍ത്തിക്കൊണ്ട് വന്ന എല്ലാ ഗോഡ് ഫാദേഴ്സിന്റെയും രാഷ്ട്രീയ ഭാവിയുടെ കൂടി പ്രശ്‌നമാണ്. പ്രത്യേകിച്ച് ഷാഫി പറമ്പിലും വി ഡി സതീശനുമടക്കമുള്ളവരുടെ. മാങ്കൂട്ടത്തിന്റെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളായിരുന്ന വി ടി ബല്‍റാം അടക്കമുള്ള യുവനേതാക്കളേയും ബാധിക്കുന്ന പ്രശ്‌നം.
കൂടെക്കിടക്കുന്നവന് രാപ്പനി അറിയും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇയാള്‍ ഇങ്ങനെയൊരു ഇര പിടിയനാണ് എന്നത് പല നിലക്കും കൂടെ നടക്കുന്നവര്‍ക്ക് അറിയും. അത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. ഒരു ശരീരം പോലെ ഇയാളെ കൂടെ കൊണ്ട് നടന്നിരുന്നവരാണ് ഇവര്‍. ഇത്തരം ആരോപണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് തുടങ്ങിയിട്ടും കാലം കുറെയായി. അതെല്ലാം വ്യക്തിപരമായി അറിഞ്ഞു കൊണ്ടും അയാളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചവര്‍ എന്നത് ചില്ലറ രാഷ്ട്രീയ ഡാമേജ് അല്ല ഉണ്ടാക്കുക. അതുകൊണ്ടാണല്ലോ ഇപ്പോള്‍ അവരെല്ലാം ഒരു പ്രതികരണം പോലും നടത്താനാവാതെ മുങ്ങി നടക്കുന്നത്. കള്ളന്‍ മാത്രമല്ല, കള്ളന് കഞ്ഞി വെച്ചവരേയും സമൂഹം കള്ളനെപ്പോലെ തന്നെ കാണും. മാങ്കൂട്ടത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളും ഈ ഡിജിറ്റല്‍ തെളിവുകളും നമ്മുടെ സാമൂഹ്യ മണ്ഡലത്തില്‍ തുടരുന്നിടത്തോളം കാലം ഇത് മാങ്കൂട്ടത്തിന്റെ മാത്രം രാഷ്ട്രീയ ഭാവിയെയല്ല നിര്‍ണ്ണയിക്കുക എന്ന് ചുരുക്കം.
ഇത് പറയുന്നതിന് എന്റെ കമന്റ് ബോക്‌സില്‍ വന്ന് തെറി വിളിക്കാം, പരിഹസിക്കാം. അതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട്, ഇത്തരമൊരു സീരിയല്‍ പെണ്ണ് പിടിയനെ നിയമസഭയില്‍ തുടരാന്‍ അനുവദിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസ്സ് ചെയ്യുന്നത് അവരുടെ രാഷ്ട്രീയ ഭാവിക്ക് കനത്ത പ്രഹരമേല്പിക്കുക തന്നെയാണ്.