എസ്‌ഐ യൂണിഫോം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ കൈയ്യോടെ പൊക്കി റെയില്‍വേ പൊലീസ്. ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്തതിന് നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. കായംകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വച്ച് പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു റെയില്‍വേ പൊലിസ്. എസ് ഐ യൂണിഫോമില്‍ കണ്ട സാറിന് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി. തിരികെ ലഭിച്ച സല്യൂട്ട് കണ്ട ഉദ്യോഗസ്ഥര്‍ ഞെട്ടി. ഇതോടെവ്യാജ എസ് ഐ ആണ് തങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നതെന്ന് മനസ്സിലായി.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി കാര്യങ്ങള്‍ ചോദിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനിലേക്കാണ് പോകുന്നത് എന്നായിരുന്നു എസ് ഐ യൂണിഫോമില്‍ ഉള്ള യുവാവിന്റെ മറുപടി. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചതോടെ സംശയം ഉറപ്പിച്ചു. ആലപ്പുഴ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഉദ്യോഗാര്‍ത്ഥിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് യുവാവ്.
ചോദ്യം ചെയ്യലില്‍ എസ് ഐ ആകണമെന്നായിരുന്നു ആഗ്രഹമെന്നും പരീക്ഷകള്‍ തോല്‍പിച്ചുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് സ്വന്തമായി ഒരു എസ് ഐ യൂണിഫോം തുന്നിച്ചിട്ടത്. പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന യുവാവിനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.