തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മ. താന്‍ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചതെന്ന് അമ്മ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. 'വളര്‍ത്ത്, കുറേ പട്ടികളെക്കൂടി വളര്‍ത്ത്', എന്നും അമ്മ പ്രതികരിച്ചു.
അമ്മയുടെ വാക്കുകള്‍
'വളര്‍ത്ത്, കുറേ പട്ടികളെക്കൂടി വളര്‍ത്ത്. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാ. ഞാന്‍ ഓടിച്ചുവിട്ട പട്ടിയാണ് എന്റെ കുട്ടിയെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ എന്റെ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു. അപ്പോഴെ ഞാന്‍ എടുത്തോണ്ട് പോയി. എനിക്കിനി കാണാനാവില്ല.'
പത്തനാപുരം സ്വദേശിയായ നിയ ഫൈസലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദര്‍ശനവും ഉണ്ടാകില്ല. അമ്മയ്ക്ക് ക്വാറന്റൈനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരിക്കും കുട്ടിയുടെ ഖബറടക്കം.