
ജയ്പൂർ: നിർത്തിയിട്ടിരുന്ന ട്രക്കിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി ഏഴ് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പിക്കപ്പ് വാഹനത്തിലെ യാത്രക്കാർ ഖാട്ടു ശ്യാം, സലാസർ ബാലാജി ക്ഷേത്രം സന്ദർശിച്ച ശേഷം ഉത്തർപ്രദേശിലെ ഇറ്റയിലെ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാൻ ഒരു കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ചിലരെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ മനോഹർപൂർ ഹൈവേയിലാണ് അപകടം നടന്നതെന്ന് ദൗസ പൊലീസ് സൂപ്രണ്ട് സാഗർ പറഞ്ഞു. മരിച്ചവരിൽ ഏഴ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. ഹൈവേയിലെ സർവീസ് ലൈനിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പ് വാഹനത്തിൽ ഇരുപത് പേർ ഉണ്ടായിരുന്നു.
പരിക്കേറ്റ എട്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.