കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആണ്‍സുഹൃത്തായ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. സോനയും റമീസും തമ്മിലെ അടുപ്പം ഇരുവീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് വിവരം. നെടുമ്ബാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയായ സോന എല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റമീസിന്റെ പറവൂരിലെ വീട്ടില്‍ കൊണ്ടുപോയി സോനയെ ഉപദ്രവിച്ചുവെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും പിതാവും നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്റെ പരാതിയില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ കൂടി ചേർത്തിരിക്കുകയാണ്.