+

രശ്മിക മന്ദാന കന്നഡ ഭാഷയെ അവഹേളിച്ചു, അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെയാണ് രശ്മിക മന്ദാന സിനിമാ രംഗത്തെത്തിയതെന്ന് രവികുമാര്‍ ഗൗഡ ചൂണ്ടിക്കാട്ടി.

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന കന്നഡ ഭാഷയെ അവഹേളിച്ചു എന്നാരോപിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. മാണ്ഡ്യ നിയോജക മണ്ഡലത്തിലെ രവികുമാര്‍ ഗൗഡ ഗനിഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം.


കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെയാണ് രശ്മിക മന്ദാന സിനിമാ രംഗത്തെത്തിയതെന്ന് രവികുമാര്‍ ഗൗഡ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മികയെ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു. 'എന്റെ വീട് ഹൈദരാബാദിലാണ്, കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല'എന്നാണ് രശ്മിക പറഞ്ഞതെന്ന് രവികുമാര്‍ ഗൗഡ പറഞ്ഞു. തങ്ങളുടെ ഒരു എംഎല്‍എ പത്തോ പന്ത്രണ്ടോ തവണ അവരെ ക്ഷണിക്കുന്നതിനായി അവരുടെ വസതിയില്‍ പോയിരുന്നു. എന്നിട്ടും അവര്‍ ക്ഷണം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ട് കൂടി അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മുക്കൊരു പാഠം പഠിപ്പിക്കണ്ടേയെന്ന് കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാര്‍ ഗൗഡ പറഞ്ഞു.

facebook twitter