+

പുതുവത്സര ദിനത്തിൽ റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക്

പുതുവത്സര ദിനത്തിൽ റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ പതിനാലായിരത്തിലധികം ചില്ലറ റേഷൻ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംയുക്ത കൂട്ടായ്മ സമരത്തിലേക്ക്. ജനുവരി 1ന് കടകളടച്ച് കുടുംബസമേതം ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്താൻ കൂട്ടായ്മ തീരുമാനിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്തെ 95 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് റേഷനും ഉത്സവകാല സ്‌പെഷ്യൽ റേഷനും നൽകുന്ന റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുന്നത് അനന്തമായി നീട്ടി കൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, പകർച്ചവ്യാധി, കോവിഡ് മഹാവ്യാധി തുടങ്ങിയ ഭീതി പരത്തുന്ന സന്ദർഭങ്ങളിൽ നിർഭയത്തോടെ സർക്കാറിനൊപ്പം പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന് ആധാരമായി ഉന്നയിക്കുന്നുണ്ട്. മണ്ണെണ്ണ വാതിൽപടിയിൽ എത്തിച്ചു നൽകാതെ ധാർഷ്ട്യം കാണിക്കുന്ന മണ്ണെണ്ണ ഡിപ്പോകൾക്കെതിരേ കർശ്ശന നടപടികൾ സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നുണ്ട്. തുടരെ നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് അഡ്വ. ജോണി നെല്ലൂർ, ടി. മുഹമ്മദാലി, കാടാമ്പുഴ മൂസ, കെ.ബി ബിജു എന്നീ സംയുക്ത റേഷൻ കൂട്ടായ്മയുടെ നേതാക്കൾ അറിയിച്ചു.

facebook twitter