'കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല'; പി ജയരാജനെ തള്ളി എം വി ജയരാജന്‍

06:38 AM Jul 01, 2025 |


സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചതില്‍ ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖരെന്ന സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രതികരണത്തിന് വിഭിന്നമായാണ് എം വി ജയരാജന്‍ പ്രതികരിച്ചത്. സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സര്‍ക്കാര്‍ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.

നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചു. നിയമനം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാള്‍. എം സുകുമാരന്‍ നല്‍കിയ പരാതിയില്‍ നിതിന്‍ അഗര്‍വാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്', എന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.