തിരുവനന്തപുരം: ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും ന്യൂനപക്ഷാവകാശങ്ങളും രാജ്യത്ത് ഭരണഘടന ഉറപ്പുനൽകുന്നതാണ്. അവയെ അട്ടിമറിക്കാനാണ് പാർലമെൻ്ററി ഭൂരിപക്ഷത്തിലൂടെ പുതിയ നിയമങ്ങൾ കേന്ദ്രസർക്കാർ ചുട്ടെടുക്കുന്നത്. വഖ്ഫ് ഭേദഗതിയടക്കമുള്ള ഇത്തരം നിയനിർമാണത്തിലെ ഭരണഘടന ലംഘനങ്ങളാണ് സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ അജണ്ടകൾക്ക് സുപ്രിം കോടതിയാണ് തടസമെങ്കിൽ രാജ്യത്തെ ജുഡീഷ്വറി സംവിധാനത്തെ അംഗീകരിക്കാൻ തയ്യാറല്ലായെന്ന സംഘപരിവാറിൻ്റെ ധിക്കാരവും ധാർഷ്ട്യവുമാണിപ്പോഴവർ പരസ്യമായി പ്രകടപ്പിക്കുന്നത്. ഉപരാഷ്ട്രപതിക്ക് പിറകെ ബി.ജെ.പി നേതാക്കൾ സുപ്രിം കോടതിക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. പദയാത്രയോടനുബന്ധിച്ച് വാമനപുരം മണ്ഡലത്തിലെ പാങ്ങോട് പഞ്ചായത്തിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലപ്പൊഴി ഹാർബർ സ്തംഭിപ്പിച്ച് അവിടത്തെ പതിനായിരക്കണക്കിന് മത്സബന്ധന കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന സംസ്ഥാന സർക്കാർ നയത്തെയും അദ്ദേഹം വിമർശിച്ചു. മുതലപ്പൊഴി ഹാർബറിൻ്റെ സുഗമമായ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് പകരം മറ്റൊരു ഹാർബറിലേക്ക് മത്സ്യബന്ധനമടക്കമുള്ളവ മാറ്റുന്നത് പ്രദേശത്തെ ദുരിതം വർധിപ്പിക്കുകയേ ഉള്ളൂ. പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സർക്കാർ നടത്തുന്ന താൽക്കാലിക പരിഹാര ശ്രമങ്ങൾ മാത്രമാണ് എന്നും മുതലപ്പൊഴിയിൽ നടക്കാറുള്ളത്. ഇതിന് പകരം മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുംപ്രകാരം ആഴത്തിൽ പൂഴി നീക്കി വലിയ ബോട്ടുകൾക്കടക്കം മത്സ്യബന്ധനം നടത്താനുള്ള സ്ഥിരം സംവിധാനമവിടെ ഉണ്ടാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
ഏപ്രിൽ 19 ശനിയാഴ്ച തലസ്ഥാന നഗരിയിൽ നിന്നും ആരംഭിച്ചു പദയാത്ര ചിറയിൻകീഴ് മണ്ഡലത്തിലെ പെരുമാതുറയിൽ പദയാത്ര പര്യടനം നടത്തിയാണ് പാങ്ങോട് പഞ്ചായത്തിൽ എത്തിചേർന്നത്. ഭരതന്നൂരിൽ നിന്നും പാങ്ങോട് ജംഗ്ഷനിലേക്ക് നടന്ന പദയാത്രയിൽ വാമനപുരം മണ്ഡലത്തിലെ ആയിരത്തോളം പ്രവർത്തകർ പങ്കെടുത്തു. പാങ്ങോട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് നിസാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ബഹുജന സംഘടന പ്രതിനിധകൾ, വെൽഫെയർ പാർട്ടി മണ്ഡലം - പഞ്ചായത്ത് - യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. മണ്ഡലം സെക്രട്ടറി ഷാനവാസ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന നന്ദിയും പറഞ്ഞു.