എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഇനി 23 രൂപ നല്‍കണം. നേരത്തെ ഇത് 21 രൂപയായിരുന്നു. മേയ് ഒന്നുമുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്.
ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ആര്.ബി.ഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.