ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നത് കേരളത്തിന് തിരിച്ചടിയാകും ; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേരളത്തിന് 21955 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

06:21 AM Aug 27, 2025 |


ജിഎസ്ടി  നിരക്കുകള്‍ കുറയ്ക്കുന്നതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍.  സെപ്റ്റംബര്‍ 3, 4 തിയതികളില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.


ഇപ്പോള്‍ മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നികുതി പിരിക്കാനുള്ള അധികാരമുള്ളത്. അതിനാല്‍ ജിഎസ്ടി വരുമാനം കുറഞ്ഞാല്‍ വികസന പ്രവര്‍ത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിക്കും. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 14 ശതമാനം  വാര്‍ഷിക വളര്‍ച്ച ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നല്‍കിയിരുന്ന നഷ്ടപരിഹാരം കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ വര്‍ഷം  8,000 മുതല്‍ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകും.

Trending :

സംസ്ഥാനത്തെ ഇന്‍ഷുറന്‍സില്‍ 500 കോടിയും ഓട്ടോമൊബൈലില്‍ 1,100 മുതല്‍ 1,200 കോടിയും  വൈറ്റ് ഗുഡ്സില്‍ 500 കോടിയും സിമന്റില്‍ 300 മുതല്‍ 500 കോടിയും വന്‍ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 95 ശതമാനം വരെ ശമ്പളത്തിനും പെന്‍ഷനുമാണ് ചെലവഴിക്കുന്നത്. അതിനാല്‍ ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് ലൈഫ് പദ്ധതി, ചികിത്സ, വിദ്യാഭ്യാസം,  നെല്ലിന് താങ്ങുവില നല്‍കല്‍  തുടങ്ങിയ പൊതുപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.