രജിസ്‌ട്രേഡ് തപാലും സ്പീഡ് പോസ്റ്റും ഇനി വീട്ടിലിരുന്നും അയക്കാം. തപാല്‍ വകുപ്പും ഡിജിറ്റലാകാന്‍ ഒരുങ്ങുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇനി പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സാധിക്കും. തപാല്‍ വകുപ്പിന്റെ ആപ്പ് ഉപയോഗിച്ചാണ് വീട്ടിലിരുന്ന് രജിസ്‌ട്രേഡും സ്പീഡ് പോസ്റ്റുമെല്ലാം അയയ്ക്കാന്‍ സാധിക്കുക.
ആപ്പ് ഉപയോഗിച്ച് പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നതോടെ പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും.നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍ വകുപ്പിന്റെ സ്വന്തം സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണ് ഇനി പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സാധിക്കുക.
തപാല്‍ വകുപ്പ് സ്വന്തമായി വികസിപ്പിക്കുന്ന ആപ്പ് വരുന്നതോടെ നിരവധി മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റുന്നതിന്റെ തെളിവായ അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി നടപ്പാക്കാനാണ് തീരുമാനം.
മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ അയാളുടെ ഫോട്ടോ എടുക്കുന്ന രീതിയും ഉടന്‍ നിലവില്‍ വരുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ അപ്‌ഡേറ്റ്‌സ് അറിയുന്നതിന് ട്രാക്കിങ് സംവിധാനവും നിലവില്‍ കൊണ്ടുവരും.