ചോറ് വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? പണി ചോദിച്ചുവാങ്ങും, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

06:05 PM Jan 16, 2025 | Raj C

മലയാളികളെ സംബന്ധിച്ചിടത്തോളം ചോറ് ഇല്ലാത്തൊരു ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത് ദുഷ്‌കരമാണ്. ദിവസം രണ്ടുനേരമെങ്കിലും ചോറ് കഴിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍, കാര്‍ബോഹൈഡ്രേറ്റ് അധിക അളവിലുള്ളതിനാല്‍ അരിഭക്ഷണം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മാത്രമല്ല, ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

തിരക്കേറിയ ദൈനംദിന ജീവിതത്തില്‍ ഭക്ഷണം പലവട്ടം ചൂടാക്കി കഴിക്കുന്നത് പതിവാക്കയവരാണ് മിക്കവരും. എന്നാല്‍, വീണ്ടും ചൂടാക്കി കഴിക്കുന്ന മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് അരി കൂടുതല്‍ പ്രശ്നകരമാണ്. കാരണം അതില്‍ പാചക പ്രക്രിയകളെ അതിജീവിക്കുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ അടങ്ങിയിരിക്കാം.

ഈ ബാക്ടീരിയയാണ് പലപ്പോഴും വീണ്ടും ചൂടാക്കിയതോ പാകം ചെയ്തതോ ആയ ചോറില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണം. ഭക്ഷ്യവിഷബാധ സാധാരണയായി വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യും.

ആളുകള്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍, ബാക്കിവരുന്ന ചോറില്‍ ബാക്ടീരിയകള്‍ വളര്‍ന്ന് ആളുകളെ രോഗികളാക്കിയേക്കാം. ഭക്ഷണം ശരിയായി കൈകാര്യം ചെയ്യുന്നത് രോഗത്തെ തടയും.

ഭക്ഷണം ഫ്രിഡ്ജില്‍ എടുത്തുവെക്കുന്നുണ്ടെങ്കില്‍ ചൂട് ഇല്ലാതാകുന്നതിന് മുന്‍പ് അതായത് പാചകത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ അത് ചെയ്യുകയാണെങ്കില്‍ ബാക്ടീരിയ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. ആഴം കുറഞ്ഞ പാത്രങ്ങളില്‍ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാകും നല്ലത്.

ചോറ് ഫ്രിഡ്ജില്‍ നിന്നും എടുത്തയുടന്‍ ചൂടാക്കരുത്. അത് അന്തരീക്ഷതാപത്തിലേക്ക് എത്തിയശേഷം മാത്രം ചൂടാക്കുക. ഓരോ കപ്പ് ചോറിനും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വീണ്ടും ആവിയില്‍ വേവാന്‍ അനുവദിക്കുന്നതാകും ഉചിതം.

ചോറ് വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട ഘട്ടങ്ങള്‍ പാലിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ച കുറയ്ക്കുകയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും.