തീരുവ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂ എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യുഎസ് നിര്‍ദേശിക്കും പോലെ തീരുമാനിക്കാനാവില്ലെന്നാണ് നിലപാട്. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.
ട്രംപിന്റെ തീരുവ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്ക്കുമെന്ന് ബ്രസീല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഒരു മണിക്കൂര്‍ നീണ്ടു നിന്ന സംഭാഷണമാണ് രണ്ടു നേതാക്കളും നടത്തിയത്.
തീരുവ സമ്മര്‍ദ്ദം നേരിടാനുള്ള വഴികള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സില്‍വയും മോദിയുമായുള്ള ചര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ തീരുവ സംബന്ധിച്ച പരാമര്‍ശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കര്‍ഷക താല്പര്യം സംരക്ഷിക്കാന്‍ എന്തുവിലയും നല്കാന്‍ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.