സിനിമാ തിരക്കിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഓരോ സിനിമയുടെയും വിജയപരാജയങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന താരം, ഇന്ന് കരിയറിലെ മത്സരയോട്ടത്തിൽ നിന്ന് സ്വയം പിന്മാറി, മാനസികമായ സംതൃപ്തിക്ക് മുൻഗണന നൽകുന്നു. 'ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ്റെ' 52-ാമത് നാഷണൽ മാനേജ്‌മെൻ്റ് കൺവെൻഷനിൽ സംസാരിക്കവെയാണ് താരം തൻ്റെ ജീവിതത്തിലെ ഈ പുതിയ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ അധികം സജീവമല്ലായിരുന്നിട്ടും, തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സാമന്ത വ്യക്തമാക്കി. "മുൻപ്, ഓരോ വെള്ളിയാഴ്ചയും എൻ്റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിൻ്റെ സന്തോഷം അടുത്ത ദിവസം തന്നെ മാഞ്ഞുപോകും. എന്നാൽ ഒരു പരാജയത്തിൻ്റെ വേദന ഞാൻ ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടക്കുമായിരുന്നു," സാമന്ത ഓർത്തെടുത്തു. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ തന്നെ സഹായിച്ചത് മയോസൈറ്റിസ് എന്ന രോഗമാണെന്ന് താരം വെളിപ്പെടുത്തി. രോഗം ബാധിച്ചപ്പോഴാണ് ആരോഗ്യം കരിയറിനേക്കാൾ പ്രധാനപ്പെട്ടതാണെന്ന് താൻ തിരിച്ചറിഞ്ഞത്.
രോഗം ബാധിച്ചതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി. വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള കരിയർ ലക്ഷ്യങ്ങൾ ഇപ്പോൾ തനിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമകളുമില്ല. എന്നിട്ടും താൻ മുമ്പെങ്ങുമില്ലാത്തവിധം സന്തോഷവതിയാണെന്ന് സാമന്ത പറയുന്നു.
"എല്ലാ ദിവസവും നന്ദി പറഞ്ഞുകൊണ്ട് ഡയറി എഴുതുന്നത് എൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറി. എൻ്റെ ആരാധകർ എന്നെ പിന്തുടരുന്നത് ഒരു ഗ്ലാമറസ് ജീവിതം കാണാനാണ് എന്നെനിക്കറിയാം. പക്ഷേ എൻ്റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി അവർക്ക് നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്," സാമന്ത പറഞ്ഞു. താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് തൻ്റെ ഈ പുതിയ സംരംഭങ്ങളെന്ന് താരം കൂട്ടിച്ചേർത്തു. പരാജയങ്ങളെയും തിരിച്ചടികളെയും സമീപിക്കുന്നതിൽ ഇപ്പോൾ തൻ്റെ മനോഭാവം പൂർണ്ണമായും മാറിയിരിക്കുന്നു. സന്തോഷം കരിയറിലല്ല, മറിച്ച് സ്വയം തിരിച്ചറിവിലും സമാധാനത്തിലുമാണെന്ന ശക്തമായൊരു സന്ദേശമാണ് സാമന്ത തൻ്റെ ജീവിതത്തിലൂടെ പങ്കുവെക്കുന്നത്.