ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ഭീഷണികളും സാമ്പത്തിക ഉപരോധങ്ങളും ഇന്ത്യയെ റഷ്യന്‍ എണ്ണയില്‍ നിന്ന് അകറ്റുന്നു. ഇതതുടര്‍ന്ന്, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍.
ഉക്രെയിന്‍ യുദ്ധത്തിനു ശേഷമാണ് ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറിയത്. റിലയന്‍സ്, റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റുമായി 2024 ഡിസംബറില്‍ ഒപ്പുവച്ച കരാറിലൂടെ ദിവസം 5 ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നുണ്ടായിരുന്നു. ഈ എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിച്ചത് റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയുടെ ലാഭം കൂട്ടി.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 35% റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍, ട്രംപിന്റെ രണ്ടാം വരവോടെ അമേരിക്ക റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നിവയ്ക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. 'റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം' എന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടു, അല്ലെങ്കില്‍ 50% വരെ ടാരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെ റിലയന്‍സ് 'റീകാലിബ്രേഷന്‍' എന്ന പേരില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തീരുമാനിച്ചു. 'ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും' എന്നാണ് റിലയന്‍സിന്റെ ഔദ്യോഗിക പ്രതികരണം. കഴിഞ്ഞ ആഴ്ച മാത്രം 25 ലക്ഷം ബാരല്‍ എണ്ണ ഇറാഖ് (ബസ്ര മീഡിയം), ഖത്തര്‍ (അല്‍-ഷഹീന്‍, ഖത്തര്‍ ലാന്‍ഡ്) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വാങ്ങി. ജിയോപൊളിറ്റിക്കല്‍ പ്രഷറുകള്‍ കാരണം റഷ്യന്‍ എണ്ണയുടെ ഡിസ്‌കൗണ്ട് നഷ്ടമാകുമ്പോള്‍, ഗള്‍ഫ് എണ്ണയുടെ ഉയര്‍ന്ന വില റിലയന്‍സിന് നഷ്ടമുണ്ടാക്കും. ഈ നഷ്ടം നികത്താന്‍, റിഫൈനറികള്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ ഉയര്‍ത്തിയേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ റോള്‍ ഇവിടെ സംശയാസ്പദമാണ്. ട്രംപിന്റെ ഭീഷണികള്‍ക്ക് വഴങ്ങി ഇന്ത്യ റഷ്യന്‍ എണ്ണ കുറയ്ക്കുന്നത്, ക്രൂഡ് ഓയില്‍ വിലയില്‍ 15-20% വര്‍ധനയ്ക്ക് കാരണമാകാം. സാധാരണക്കാരന്റെ ഗതാഗത ചെലവ് കൂടുമ്പോള്‍, ഇന്ധന വിലയിലെ ടാക്‌സുകള്‍ വഴി സര്‍ക്കാര്‍ കൂടുതല്‍ വരുമാനം നേടും. അംബാനിയുടെ റിലയന്‍സിനെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്താനാണ് സാധ്യത.
റഷ്യന്‍ എണ്ണയിലുടെ ലാഭം റിലയന്‍സ് കൊയ്തപ്പോള്‍ സാധാരണക്കാരന് ഗുണമുണ്ടായില്ല, ഇപ്പോള്‍ നഷ്ടം വരുമ്പോള്‍ അത് ജനങ്ങളുടെ തോളിലേക്കെത്തുമെന്ന് ഉറപ്പാണ്. യൂറോപ്യന്‍ യൂണിയന്‍ 2026 ജനുവരി മുതല്‍ റഷ്യന്‍ എണ്ണയില്‍ നിന്നുള്ള റിഫൈന്‍ഡ് ഇന്ധനങ്ങള്‍ നിരോധിക്കുന്നത് റിലയന്‍സിന്റെ കയറ്റുമതിയെ ബാധിക്കും. ഇന്ത്യന്‍ പൊതുമേഖലാ റിഫൈനറികളും റഷ്യന്‍ എണ്ണ കുറയ്ക്കുകയാണ്. പകരം ഇറാന്‍, വെനസ്വേല പോലുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങാന്‍ ആലോചിക്കുന്നു. എന്നാല്‍, ട്രംപിന്റെ ഉപരോധങ്ങള്‍ അവിടെയും പ്രശ്‌നമാകും.
റഷ്യന്‍ എണ്ണയുടെ അഭാവം ക്രൂഡ് വിലയെ ഉയര്‍ത്തി, ഇന്ധന വിലവര്‍ധനയിലൂടെ പണപ്പെരുപ്പം കൂട്ടിയേക്കാം. സര്‍ക്കാര്‍ ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.