കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. കേണല്‍ സോഫിയക്കെതിരായ പരാമര്‍ശം വലിയ രീതിയില്‍ വിമിര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയാണ് കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 'പാക് ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികള്‍ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാല്‍ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു'- എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.