റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയത്.
'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചുവെന്ന് ഞാന്‍ കേള്‍ക്കുന്നു, ഇത് ശരിയാണെങ്കില്‍ അതൊരു നല്ല നടപടിയാണ്,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. എന്നാല്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താല്‍പ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം ഇളവ് കുറഞ്ഞതിനാലും യുഎസ് മുന്നറിയിപ്പ് നല്‍കിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ സംസ്ഥാന റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ്.
യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യ വിലക്കുറവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പുറമെ, ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.