
തിരുവനന്തപുരം: യുവനടിയുടെ ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അടൂരിലെ തന്റെ വസതിയിൽ നാടകീയമായാണ് രാജി പ്രഖ്യാപനം. 1.25 വരെ താൻ രാജിവെച്ചില്ല എന്ന് പറഞ്ഞ രാഹുൽ1.30 ഓടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാജി പ്രഖ്യാപിച്ചത്.
യുവനടി തന്റെ സുഹൃത്താണെന്നും അവർ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കളുമായി ഞാൻ ടെലിഫോണിൽ സംസാരിച്ചും. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ പരാമർശം.
തനിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. അത്തരമൊരു പരാതി വന്നാൽ നിയമപരമായി നേരിടും. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുമെന്നാണ് കരുതുന്നത്. ഹണി ഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.