റിട്ട. അധ്യാപകന്റെ വീട്ടിൽ സുഹൃത്തിന്റെ മോഷണം, അഞ്ചരപ്പവൻ കവർന്നു ; പ്രതി അറസ്റ്റിൽ

08:52 AM Oct 24, 2025 | Kavya Ramachandran

ചന്തേര : വിരമിച്ച അധ്യാപകന്റെ വീട്ടിൽനിന്ന് സുഹൃത്ത് അഞ്ചുലക്ഷം രൂപയുടെ അഞ്ചരപ്പവൻ സ്വർണാഭരണം കവർന്നു. മാണിയാട്ട് തിരുനെല്ലൂർ ശിവക്ഷേത്രത്തിന് സമീപത്തെ സി.എം. രവീന്ദ്രന്റെ വീട്ടിൽ സ്യൂട്ട്‌കേസിൽ സൂക്ഷിച്ച ഒരുപവൻ വീതമുള്ള മൂന്ന് വളയും രണ്ടരപ്പവന്റെ മാലയുമാണ് കവർന്നത്. സംഭവത്തിൽ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ പി.വി. വിനോദ് (55) അറസ്റ്റിലായി.

രവീന്ദ്രൻ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സുഹൃത്തും ഡ്രൈവറുമായ വിനോദാണ് ആഭരണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഒക്ടോബർ 17-ന് ഉച്ചയ്ക്ക് ഒന്നിനും 21-ന് രാത്രി എട്ടിനും ഇടയിലാണ് വിനോദ് കവർച്ച നടത്തിയതെന്ന് ചന്തേര പോലീസിൽ രവീന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു. മോഷണം നടത്തിയശേഷം മാണിയാട്ടെ ഒരു ഓട്ടോറിക്ഷയിലാണ് വിനോദ് നീലേശ്വരത്തേക്ക് പോയത്. വിനോദ് ആഡംബരത്തിനായി പണം ചെലവിടുന്നതായും സൂക്ഷിക്കണമെന്നും നീലേശ്വരത്തെ ബന്ധു നൽകിയ സൂചനയാണ് മോഷ്ടാവിനെ പിടികൂടാൻ രവീന്ദ്രന് സഹായമായത്. കവർച്ച നടത്തിയ വിനോദ് മാണിയാട്ടുനിന്ന്‌ നീലേശ്വരത്തേക്ക് പോയ അതേ ഓട്ടോറിക്ഷയിൽ കഴിഞ്ഞദിവസം രവീന്ദ്രനും നീലേശ്വരത്തേക്ക് യാത്രചെയ്ത് വിവരം ശേഖരിച്ചു.

നീലേശ്വരത്തെ ഒരു ജൂവലറിയിൽ രണ്ട് വള വിറ്റ് 1.55 ലക്ഷം രൂപ കൈപ്പറ്റിയതായി മനസ്സിലാക്കി. ഇതിന് ശേഷം വിനോദിനെ തന്ത്രപൂർവം വലയിലാക്കി പോലീസിന് കൈമാറുകയായിരുന്നു. വിനോദിനെ പോലീസ് നീലേശ്വരത്തെ ജൂവലറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ നാലുപവൻ കണ്ടെത്തു.