നമ്മൾ എല്ലാവരും ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാറുണ്ട്. ആഴ്ചയിൽ ഒരുതവണ എങ്കിലും എല്ലാവരും ഷാമ്പൂ ഉപയോഗിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് ഒരു പ്രധാന ഘടകമായി ഇന്നത്തെ കാലത്ത് ഷാംപൂ മാറിയിട്ടുണ്ട്. ആളുകളുടെ മുടിക്ക് അനുസരിച്ച് പല ഷാമ്പൂകൾ വിപണിയിൽ ഉണ്ട്. എന്നാൽ നമ്മളിൽ പലർക്കും ഷാമ്പൂ എങ്ങനെയാണ് കൃത്യമായി ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. ഷാമ്പൂ ഉപയോഗിക്കുന്നതിന്റെ കൃത്യമായ രീതികൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
മുടി നനയ്ക്കുക: ആദ്യം മുടി നന്നായി നനയ്ക്കുക. തണുത്ത വെള്ളത്തേക്കാൾ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ഗുണകരമാണ്.
ഷാമ്പൂ എടുക്കുക: മുടിയുടെ നീളത്തിനും കനത്തിനും അനുസരിച്ച് ആവശ്യമായ അളവിൽ ഷാമ്പൂ എടുത്ത് കൈവെള്ളയിലിട്ട് കുറച്ച് വെള്ളം ചേർത്ത് പതപ്പിക്കുക.
തലയോട്ടിയിൽ തേക്കുക: പതപ്പിച്ച ഷാമ്പൂ തലയോട്ടിയിൽ (scalp) ശ്രദ്ധിച്ച് തേച്ചുപിടിപ്പിക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുകയാണ് വേണ്ടത്. മുടിയുടെ അറ്റങ്ങളിലേക്ക് ഷാമ്പൂ നേരിട്ട് തെക്കേണ്ട ആവശ്യമില്ല, തലയോട്ടിയിൽ നിന്നുള്ള പതതന്നെ മതിയാകും.
നന്നായി കഴുകുക: ഷാമ്പൂ തേച്ച ശേഷം മുടി നന്നായി സാധാരണ വെള്ളത്തിൽ കഴുകുക. തലയോട്ടിയിലും മുടിയിഴകളിലും ഷാമ്പൂവിന്റെ അംശങ്ങൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. ഷാമ്പൂ മുഴുവനായി കഴുകി കളഞ്ഞില്ലെങ്കിൽ താരനും ചൊറിച്ചിലും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
കണ്ടീഷണർ ഉപയോഗിക്കുക (ആവശ്യമെങ്കിൽ): കണ്ടീഷണർ തലയോട്ടിയിൽ തേക്കാതെ മുടിയുടെ മധ്യഭാഗം മുതൽ അറ്റങ്ങൾ വരെ മാത്രം പുരട്ടുക. 2-3 മിനിറ്റ് വെച്ച ശേഷം നന്നായി കഴുകി കളയുക.