+

യുഡിഎഫ് അധികാരത്തിൽ‌ എത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശൻ

മറിച്ചായാൽ സതീശൻ പദവികൾ രാജിവച്ച് രാഷ്ട്രീയ വനവാസത്തിനു പോകണം

കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും ഇതിനു സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നിങ്ങൾ പിന്നെ എന്നെ കാണില്ല’ എന്നാണ് സതീശൻ മാധ്യമങ്ങളോടു പറഞ്ഞത്.

വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദം രാജിവയ്ക്കാൻ‍ തയാറാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിരുന്നു. മറിച്ചായാൽ സതീശൻ പദവികൾ രാജിവച്ച് രാഷ്ട്രീയ വനവാസത്തിനു പോകണം, ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. 98 സീറ്റ് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ‘‘97 വരെ അദ്ദേഹത്തിന് സംശയമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു നേതാവ് യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് സമ്മതിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്ത് അത് 100നു മുകളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം അവിടെ ഇരുന്നോട്ടെ എന്നും സതീശൻ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിയോട് വിരോധമൊന്നുമില്ലെന്നും എന്തുകൊണ്ടാണ് തന്നെക്കുറിച്ച് ഈഴവ വിരോധിയെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

facebook twitter