ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലേക്കുള്ള മെഗാ ലേലത്തില്‍ 27 കോടി രൂപ നേടി ചരിത്രമെഴുതിയ താരമാണ് ഋഷഭ് പന്ത്. ക്യാപ്റ്റനാക്കുകയെന്ന ലക്ഷ്യത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ പന്തിന് സീസണ്‍ തുടക്കത്തിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായില്ല. ആദ്യ കളിയില്‍ റണ്ണൊന്നുമെടുക്കാതേയും രണ്ടാം കളിയില്‍ 15 പന്തില്‍ 15 റണ്‍സുമായും താരം പുറത്തായതോടെ ഫ്രാഞ്ചൈസിയും ആരാധകരും നിരാശയിലാണ്.
സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പന്തിന്റെ പ്രകടനം നിരാശപ്പെടുത്തിയതോടെ ഒരു ജനപ്രിയ ഇന്ത്യന്‍ സ്പോര്‍ട്സ് യൂട്യൂബ് ചാനലിന്റെ അവതാരകന്‍ സ്റ്റുഡിയോ ഉപകരണങ്ങള്‍ തകര്‍ത്തു. തത്സമയ പരിപാടിക്കിടെ ടിവി സ്‌ക്രീനിലേക്ക് സാധനങ്ങള്‍ എറിയുകയും മുന്നിലുള്ള ഗ്ലാസ് ടേബിള്‍ തള്ളി നീക്കുകയും ചെയ്തു.
നിക്കോളാസ് പൂരന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മിന്നുന്ന പ്രകടനങ്ങളിലൂടെ എല്‍എസ്ജി ജയം ഉറപ്പിച്ചതിനാല്‍ പന്തിന്റെ മോശം പ്രകടനം ടീമിനെ ബാധിച്ചില്ല. ഐപിഎല്ലിന്റെ 18-ാം സീസണില്‍ ഇതുവരെ നേരിട്ട 21 പന്തുകളില്‍, 15 ആറ് റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. അതിനുപുറമെ, ആദ്യ മത്സരത്തിന്റെ ഭൂരിഭാഗവും മേല്‍ക്കൈ നേടിയിട്ടും ഡിസിയോട് എല്‍എസ്ജിയുടെ ഞെട്ടിക്കുന്ന തോല്‍വിക്കും കാരണമായി.
എല്‍എസ്ജി ക്യാപ്റ്റന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സ്‌പോര്‍ട്‌സ്ടാക് അവതാരകന് തന്റെ നിയന്ത്രണം നഷ്ടമായത്. വിശ്വസ്തനായിരുന്ന പന്ത് പ്രവചനാതീതനായിരിക്കുന്നു. എന്തു ക്യാപ്റ്റനാണ് പന്ത്. ഇങ്ങനെയൊരു ക്യാപ്റ്റനെ ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടാണ് ടിവി തകര്‍ത്തത്.
മിച്ചല്‍ മാര്‍ഷും നിക്കൊളാസ് പൂരനും നിലവിലെ ഫോം തുടരുകയാണെങ്കില്‍ വരും മത്സരങ്ങളില്‍ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാകും എല്‍എസ്ജി. സീസണ്‍ പുരോഗമിക്കുമ്പോഴേക്കും പന്ത് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.