റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലുകള്‍ അപഹരിക്കുന്നുവെന്നും കൃത്യമായ നിരീക്ഷണം അത്യാവശ്യമാണെന്നും പവന്‍ കല്യാണ്‍. വിജയവാഡയില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആന്ധ്ര ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണിന്റെ പരാമര്‍ശം.
ചില ആളുകള്‍ അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരം താമസസൗകര്യങ്ങള്‍ ഒരുക്കാനായി മുന്‍കൈ എടുക്കുകയാണെന്നും പൊലീസ് അതിര്‍ത്തികളിലും മറ്റും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തീവ്രവാദികളുടെ സോഫ്റ്റ് ടാര്‍ഗറ്റുകള്‍ ആകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
' സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസിനോട് ജാഗരൂകരായിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് മേല്‍ കൃത്യമായ ഒരു കണ്ണുണ്ടായാല്‍ അപകടങ്ങള്‍ ഉണ്ടാകാതെ നോക്കാം. മാത്രമല്ല, മ്യാന്മറില്‍ നിന്ന് വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് കിട്ടേണ്ട പ്രാദേശിക തൊഴില്‍ സാധ്യതകളെ അപഹരികുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലെയും തൊഴില്‍ അതാത് സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് നല്‍കുക എന്നത് തന്നെയാണ് പ്രധാനം'; പവന്‍ കല്യാണ്‍ പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തെത്തി ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡികള്‍ എന്നിവ ഉണ്ടാക്കിയെടുക്കുന്നുവെന്നും പവന്‍ കല്യാണ്‍ ആരോപിച്ചു. എങ്ങനെയാണ് ഇവര്‍ ഇതെല്ലാം ഉണ്ടാക്കിയെടുക്കുന്നത് എന്ന ചോദിച്ച ഉപമുഖ്യമന്ത്രി ചിലര്‍ ഇവരെ സഹായിക്കാനായി രംഗത്തുള്ളതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു.