+

'പാകിസ്താനില്‍ കാട്ടുനീതി, കരസേന മേധാവിക്ക് നല്‍കേണ്ടിയിരുന്നത് 'രാജാവ്' എന്ന പദവി'; രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

താനുമായി കരാറുണ്ടാക്കിയതായി ഉയര്‍ന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും 2023 ഓഗസ്റ്റ് മുതല്‍ വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാകിസ്താനിലെ കരസേന മേധാവി ജനറല്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താനില്‍ നിലവില്‍ കാട്ടുനീതിയായതിനാല്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ എന്നതിന് പകരം 'രാജാവ്' എന്ന പദവി നല്‍കേണ്ടതായിരുന്നുവെന്നാണ് ഇമ്രാന്‍ ഖാന്റെ വിമര്‍ശനം.

ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ പാകിസ്താന്റെ ചരിത്രത്തില്‍ ആ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായി അസിം മുനീര്‍ മാറിയിരുന്നു. 'മാഷാ അള്ളാ, ജനറല്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി നിയമിച്ചു. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന് 'രാജാവ്' എന്ന പദവി നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമായിരിക്കുക - കാരണം രാജ്യത്ത് ഇപ്പോള്‍ കാട്ടുനീതിയാണ്. കാട്ടില്‍ ഒരു രാജാവേയുള്ളൂ' എന്നായിരുന്നു എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചത്.

താനുമായി കരാറുണ്ടാക്കിയതായി ഉയര്‍ന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും 2023 ഓഗസ്റ്റ് മുതല്‍ വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 'ഒരു കരാറും ഉണ്ടായിട്ടില്ല, ഒരു സംഭാഷണവും നടക്കുന്നില്ല. ഇവ അടിസ്ഥാനരഹിതമായ നുണകളാണ്' എന്നാണ് ഇമ്രാന്‍ ചൂണ്ടിക്കാണിച്ചത്. പാകിസ്താന്റെ താല്‍പര്യങ്ങളെയും ഭാവിയെയും കുറിച്ച് യഥാര്‍ത്ഥ കരുതലുണ്ടെങ്കില്‍ ചര്‍ച്ചയാകാമെന്നും ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചു'. 'രാജ്യം ബാഹ്യ ഭീഷണികളെയും, തീവ്രവാദത്തിന്റെ കുതിച്ചുചാട്ടത്തെയും, സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നു. നമ്മള്‍ ഒന്നിക്കണം. ഞാന്‍ മുമ്പ് ഒരിക്കലും എനിക്കായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും അങ്ങനെ ആവശ്യപ്പെടില്ല' എന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ മറ്റൊരു ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. അത്തരം ഏത് സാഹചര്യം നേരിടാനും ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം തയ്യാറായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

നിയമം ശക്തര്‍ക്ക് മാത്രം ബാധകമാകുന്ന ഒരു സ്ഥലമായി പാകിസ്താന്‍ മാറിയിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. 'ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ തകര്‍ക്കപ്പെടുകയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു. കള്ളന്‍ വലുതാകുന്തോറും അവര്‍ വഹിക്കുന്ന പദവി ഉയര്‍ന്നതായിരിക്കും എന്ന സന്ദേശം നിങ്ങള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ നീതിയെ കുഴിച്ചുമൂടുകയാണ്. ജീവനക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് അപ്പാര്‍ട്ടുമെന്റുകളുമായി ബന്ധപ്പെട്ട് ആസിഫ് സര്‍ദാരിയുടെ സഹോദരിക്കെതിരെ എന്‍എബി ഇപ്പോഴും കേസ് നിലനില്‍ക്കുന്നു. അവര്‍ വിദേശത്താണ്. ആരും അവരെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. 22 ബില്യണ്‍ പൗണ്ട് പികെആര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷെഹ്ബാസ് ഷെരീഫ് കുറ്റക്കാരനായിരുന്നു, എന്നിട്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി' എന്നും ഇമ്രാന്‍ ഖാന്‍ കുറിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാകിസ്താന്റെ ധാര്‍മ്മികവും ഭരണഘടനാപരവുമായ ചട്ടക്കൂട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തോഷഖാന-II കേസിലും പരിഹാസ്യമായ വിചാരണ പുനരാരംഭിച്ചിരിക്കുകയാണ്. ജയിലിലെന്നപോലെ, കോടതി നടപടികളും ഒരു കേണലിന്റെ ഇഷ്ടപ്രകാരമാണ് നടത്തുന്നത്. തന്റെ സഹോദരിമാരെയും അഭിഭാഷകരെയും കോടതിയില്‍ നിന്ന് വിലക്കുകയാണ്. തന്റെ കൂട്ടാളികള്‍ക്ക് തന്നെ കാണാന്‍ അനുവാദമില്ല. മാസങ്ങളോളമായി തന്റെ കുട്ടികളുമായി ബന്ധപ്പെടാന്‍ തനിക്ക് വിലക്കുണ്ട്. തന്റെ പുസ്തകങ്ങള്‍ പോലും എത്തിക്കുന്നില്ല. തന്റെ ഡോക്ടറെ കാണാന്‍ തനിക്ക് അനുമതി നിഷേധിക്കുന്നു. ഇത് കോടതി ഉത്തരവുകളുടെയും നിയമങ്ങളുടെയും തുടര്‍ച്ചയായ ലംഘന'മാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

facebook twitter