അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഓസ്ട്രേലിയന്‍ ഏകദിന പരമ്പരയ്ക്ക് ശേഷം താന്‍ വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രോഹിത്, 2027 ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പ് നല്കി. ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുമായുള്ള രോഹിത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അടുത്ത ലോകകപ്പ് വരുമ്പോള്‍ കളിക്കുമോ എന്നാണ് കുട്ടി ആരാധകന് രോഹിതിനോട് ചോദിക്കുന്നത്. പുഞ്ചിരിയോടെ രോഹിത് ഉറച്ച മറുപടി നല്‍കുകയായിരുന്നു, 'അതെ, ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു'.
38കാരനായ രോഹിത്തിന്റെ ഈ പ്രഖ്യാപനം അദ്ദേഹത്തിന്റെ ഏകദിന കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് വരുന്നത്. 2024ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ശേഷം അദ്ദേഹം ടി20-യില്‍ നിന്നും ഈ വര്‍ഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. നിലവില്‍ ഏകദിനം മാത്രമാണ് രോഹിത്തിന്റെയും സഹതാരം വിരാട് കോഹ്ലിയുടെയും സജീവമായ അന്താരാഷ്ട്ര ഫോര്‍മാറ്റ്. 2023ലെ ഏകദിന ലോകകപ്പ് കിരീടത്തിന് തൊട്ടടുത്തെത്തിയെങ്കിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് രോഹിത്തിന് കരിയറിലെ ഏറ്റവും വലിയ നിരാശയായിരുന്നു. ആ തോല്‍വിക്ക് ശേഷം അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ഫോം, ഭാവി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായിരുന്നു.