+

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ്

ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്. ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട് ഫണ്ട്‌സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വര്‍ഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവര്‍ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.


കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്‌ലാറ്റടക്കം വില്‍പ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാര്‍ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വര്‍ഷമായി രാമമൂര്‍ത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്‌സില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ  ഇത് വരെ പരാതി നല്‍കിയത്. കേസെടുത്ത രാമമൂര്‍ത്തി നഗര്‍ പൊലീസ് പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളില്‍ 1300-ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കും. 

facebook twitter