നിയമസഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ റമ്മി കളിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. മഹാരാഷ്ട്ര കൃഷി മന്ത്രി മണിക്‌റാവു കൊക്കാട്ടെയാണ് നിയമസഭയ്ക്കുള്ളില്‍ റമ്മി കളിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്‍സിപി എംഎല്‍എ രോഹിത് പവാറാണ് എക്സിലൂടെ വീഡിയോ പങ്കിട്ടത്.
ശരദ് പവാര്‍ വിഭാഗത്തിലെ എംഎല്‍എയാണ് രോഹിത് പവാര്‍. മന്ത്രിക്ക് മറ്റ് ജോലിയൊന്നും ഇല്ലാത്തതിനാലാണ് റമ്മി കളിക്കാന്‍ സമയം കിട്ടുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രോഹിത് പവാര്‍ ആരോപിച്ചത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമാണ് ഉള്‍പ്പെടുന്നത്.
'ബിജെപിയുമായി കൂടിയാലോചിക്കാതെ ഭരണകക്ഷിയായ എന്‍സിപി വിഭാഗത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും സംസ്ഥാനത്ത് ദിവസവും ശരാശരി എട്ട് കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്യുന്നതും. എന്നാല്‍, ജോലിയില്ലാത്ത കൃഷിമന്ത്രിക്ക് റമ്മി കളിക്കാന്‍ സമയമുണ്ടെന്ന് തോന്നുന്നു,' രോഹിത് പോസ്റ്റില്‍ എഴുതി.
അതേസമയം വിവാദത്തില്‍ മന്ത്രി പ്രതികരണവുമായി രംഗത്തെത്തി. താന്‍ റമ്മി കളിച്ചില്ലെന്നും സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നുമായിരുന്നു കൊക്കാട്ടെയുടെ പ്രതികരണം. തന്റെ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും ഡൗണ്‍ലോഡ് ചെയ്തതാകുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും റമ്മി ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. ലോക്സഭയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ റമ്മി കളിക്കുകയായിരുന്നില്ല. പ്രതിപക്ഷം സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണ്,' മന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരെ സുപ്രിയ സുലെ എംപിയും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 750 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും അപ്പോഴും മന്ത്രി ഗെയിം കളിക്കുകയാണെന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്.