ഉത്തരകൊറിയയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച് റഷ്യ. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കും പ്യോഗ്യാങ്ങിനും ഇടയിലാണ് റഷ്യ ഞായറാഴ്ച മുതല്‍ വിമാന സര്‍വീസ് ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് വിമാന സര്‍വീസ്.
റഷ്യന്‍ വിമാനക്കമ്പനിയായ നോര്‍ഡ്വിന്‍ഡ് നടത്തുന്ന ആദ്യ വിമാനം മോസ്‌കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍ നിന്ന് 400-ലധികം യാത്രക്കാരുമായി ഉത്തരകൊറിയയിലേക്ക് പറന്നുയര്‍ന്നു. മാസത്തില്‍ ഒരിക്കല്‍ ഉത്തരകൊറിയയിലേക്ക് ഒരു സര്‍വീസ് നടത്തുമെന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഈ മാസം ആദ്യം ഉത്തരകൊറിയയുടെ പുതിയ വോണ്‍സാന്‍-കാല്‍മ ബീച്ച് റിസോര്‍ട്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് സന്ദര്‍ശിച്ചിരുന്നു. പിന്നാലെ, റഷ്യന്‍ വിനോദസഞ്ചാരികളെ റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കിം ജോങ് ഉന്നിന് വാഗ്ദാനം നല്‍കി. 20,000 ത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റിസോര്‍ട്ട്, രാജ്യത്തിന്റെ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കിമ്മിന്റെ ശ്രമഫലമായാണ് തുറന്ന് കൊടുത്തത്.