+

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്ന ഭീഷണിയുമായി അമേരിക്ക, സൗഹൃദമെല്ലാം ചവറ്റുകൂട്ടയില്‍

ഇന്ത്യ ഉറ്റ സുഹൃത്താണെന്ന് പറയുമ്പോഴും ഭീഷണിയുമായി അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമ്പദ്വ്യവസ്ഥ തകര്‍ക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ന്യൂഡല്‍ഹി: ഇന്ത്യ ഉറ്റ സുഹൃത്താണെന്ന് പറയുമ്പോഴും ഭീഷണിയുമായി അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമ്പദ്വ്യവസ്ഥ തകര്‍ക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ ഇല്ലാതാക്കുമെന്ന് യുഎസ് സെനറ്റര്‍ ലിന്ഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നല്‍കുന്നതിന് ഈ രാജ്യങ്ങള്‍ ഉത്തരവാദികളാണെന്നാണ് ആരോപണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ-സംബന്ധിത ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ഗ്രഹാം പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ട്രംപ് തീരുവ ഏര്‍പ്പെടുത്താന്‍ പോകുകയാണ്. നിങ്ങളുടെ സമ്പദ്വ്യവസ്ഥയെ ഞങ്ങള്‍ തകര്‍ക്കുമെന്ന് മൂന്ന് രാജ്യങ്ങളോട് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 80 ശതമാനം ഈ രാജ്യങ്ങള്‍ വാങ്ങുന്നുണ്ടെന്നും, ഇത് പുടിന്റെ യുദ്ധയന്ത്രത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്നും ഗ്രഹാം ആരോപിച്ചു.

ഗ്രഹാം നേരിട്ട് പുടിനെ അഭിസംബോധന ചെയ്തും ഭീഷണിപ്പെടുത്തി. നിങ്ങളുടെ വിനോദം ട്രംപിനെ കളിപ്പിക്കുന്നതാണ്. റഷ്യയുടെ സമ്പദ്വ്യവസ്ഥയും തകര്‍ന്നുകൊണ്ടിരിക്കും. യുക്രെയ്നിന് ആയുധങ്ങള്‍ നല്‍കി ഞങ്ങള്‍ അവരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഗ്രഹാമും സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റലും ചേര്‍ന്ന് റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍, യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് അവര്‍ വാദിക്കുന്നു.

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ സെക്കന്‍ഡറി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യ, ഊര്‍ജ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുന്‍നിര്‍ത്തി, വിപണിയില്‍ ലഭ്യമായ ഓഫറുകളും ആഗോള സാഹചര്യങ്ങളും അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ ഭീഷണി, യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ക്കിടയില്‍, ഒരു വെല്ലുവിളിയാണ്. 2022-ലെ യുക്രെയ്ന്‍ ആക്രമണത്തിന് ശേഷം, യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചപ്പോള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവ വിലകുറഞ്ഞ റഷ്യന്‍ ക്രൂഡിന്റെ വാങ്ങല്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

facebook twitter