വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻറെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം

04:00 PM May 14, 2025 | Neha Nair

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻറെ സുരക്ഷാ സംവിധാനത്തിൽ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തി കേന്ദ്രം. ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട സമീപകാല ഭീഷണികൾ വിലയിരുത്തിയതിനെ തുടർന്നാണ് സി.ആർ.പി.എഫ്. ഈ തീരുമാനം എടുത്തത്.

നിലവിൽ സി.ആർ.പി.എഫിൻറെ 'ഇസഡ്' കാറ്റഗറി സായുധ സംരക്ഷണമാണ് ജയശങ്കറിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ നിലവാരം 'വൈ' യിൽ നിന്ന് 'ഇസഡ്' വിഭാഗത്തിലേക്ക് ഉയർത്തിയത്. ഇതോടെ ഡൽഹി പോലീസിൽനിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു.

Trending :

നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. രാജ്യത്തുടനീളമുള്ള യാത്രയിലും താമസത്തിലും ഒരു ഡസനിലധികം സായുധ കമാൻഡോകൾ ഉൾപ്പെടുന്ന ഒരു സായുധ സിആർപിഎഫ് സംഘമാണ് ഈ സുരക്ഷ നൽകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, ദലൈ ലാമ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെ 200 ഓളംപേർക്ക് സിആർപിഎഫിന്റെ സുരക്ഷ ലഭിക്കുന്നുണ്ട്.