തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടൻ ചോദ്യം ചെയ്യാനാണ് നീക്കം. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ വേഗത്തിലാക്കും. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന്റെ തുടർച്ചയെന്നോണമാകും അന്വേഷണം. ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയായ കേസിലെ പ്രതിപ്പട്ടികയിൽ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആയിരിക്കും അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എല്ലാ പ്രതികൾക്കും ഇന്ന് തന്നെ നോട്ടീസ് നൽകും.
ദ്വാരപാലക ശില്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണത്തിൽ പ്രത്യേകം എഫ്ഐആറുകളാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയാണ്. കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആർ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര് ജി രാധാകൃഷ്ണന് (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന് നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു.