
ചെങ്ങന്നൂർ : ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തനും മണ്ണാറശാല ഇല്ലത്ത് എം.എൻ. ശ്രീജിത്തിന്റെയും എ.എൻ. സൗമ്യയുടെയും മകൾ അദ്രിക പാർവതിയും വിവാഹിതരായി. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. താന്ത്രിക കർമ്മങ്ങളിൽ മുൻ നിരയിലുള്ള രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് വിവാഹം. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ പൂജകളുടെ അടക്കം അധികാരം മണ്ണാറശാല ഇല്ലത്തിനാണ്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം താഴമൺ മഠത്തിനാണ്.
കഴിഞ്ഞവർഷം ചിങ്ങം ഒന്നിനാണ് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേറ്റത്. ബെംഗളൂരൂ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിബിഎ, എൽഎൽബി പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയിൽ കണ്ഠര് ബ്രഹ്മദത്തൻ പ്രാക്ടീസ് ചെയ്തിരുന്നു. അതിനുശേഷം ബെംഗളൂരൂവിലെ സ്വകാര്യ കമ്പനിയിൽ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്കോർട്ലൻഡിൽ എൽഎൽഎം പഠനം പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ജോലി രാജിവച്ച് പൂർണ്ണമായും പൂജകളിലേക്ക് തിരിഞ്ഞത്.