സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോക്കാരന് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണം, ഒപ്പമിരുത്തി ഫോട്ടോയെടുത്ത് നിരാശമാറ്റി നടന്‍

12:06 PM Jan 24, 2025 | Raj C

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ പരിക്കേറ്റതിന് പിന്നാലെ ശ്രദ്ധേയനായ വ്യക്തിയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ. ആക്രമണത്തില്‍ കുത്തേറ്റ സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് ഇദ്ദേഹമായിരുന്നു.

ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ സെയ്ഫിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാന്‍ ഇടയാക്കി. എന്നാല്‍, ഇതിനുശേഷം ഓട്ടോക്കാരന് പ്രതിഫലം നല്‍കുകയോ നടന്റെ ബന്ധുക്കള്‍ ഫോണ്‍ വിളിക്കുകയോ ചെയ്തില്ലെന്ന ആരോപണമുണ്ടായിരുന്നു. സംഭവം നടന്ന രാത്രിയിലെ തിരക്കിനിടയില്‍ താന്‍ ഓട്ടോചാര്‍ജ് ആരില്‍നിന്നും വാങ്ങിയില്ലെന്നും ഭജന്‍ സിംഗ് പറഞ്ഞിരുന്നു.

ഭജന്‍ സിംഗിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയവെ നടന്‍ ഡ്രൈവറെ നേരിട്ടുകണ്ടു ഫോട്ടോയെടുത്തു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പാണ് ഓട്ടോ ഡ്രൈവറെ വിളിച്ചത്. ഫോട്ടോയില്‍, റിക്ഷാ ഡ്രൈവര്‍ സെയ്ഫിന്റെ അരികില്‍ ഇരിക്കുന്നതായി കാണാം. റാണയുടെ സമയോചിതമായ സഹായത്തിന് സെയ്ഫ് നന്ദിപറഞ്ഞു.

ഡ്രൈവറുടെ ഇടപെടലിനെ പ്രശംസിച്ച സെയ്ഫ്, മറ്റുള്ളവരെ സഹായിക്കുന്നത് തുടരാന്‍ അദ്ദേഹത്തോട് പറഞ്ഞു. എപ്പോള്‍ സഹായം ആവശ്യമായി വന്നാലും ബന്ധപ്പെടാമെന്നും സെയ്ഫ് ഡ്രൈവറോട് അറിയിച്ചു.

ആശുപത്രിയിലെത്തിയ അനുഭവം ഭജന്‍ സിംഗ് പിന്നീട് മാധ്യമങ്ങളോട് പങ്കുവെച്ചു. സെയ്ഫിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ് നടനെ കാണാന്‍ വിളിച്ചുവരുത്തിയത്. നടന്റെ അമ്മയും മുതിര്‍ന്ന നടിയുമായ ഷര്‍മിള ടാഗോര്‍ ഉള്‍പ്പെടെയുള്ളവരേയും കാണാന്‍ അവസരം ലഭിച്ചു. അവര്‍ തന്നോട് ഊഷ്മളമായി പെരുമാറിയെന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ എടുത്തെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തന്നെ ആശുപത്രിയില്‍ എത്തിച്ചതിന് ഖാന്‍ ഭജന്‍ സിംഗിനോട് വ്യക്തിപരമായി നന്ദി പറയുകയും ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ബാന്ദ്രയിലെ സത്ഗുരു ദര്‍ശന്‍ ബില്‍ഡിംഗിന് സമീപം ഫ്ളാഗ്ഡൗണ്‍ ചെയ്തപ്പോഴാണ് ഭജന്‍ സിംഗ് റാണയുടെ ഓട്ടോയില്‍ സെയ്ഫും മകനും കയറുന്നത്. ആശുപത്രിയിലെത്തിയശേഷമാണ് നടന്‍ സെയ്ഫ് അലി ഖാനെ തിരിച്ചറിഞ്ഞത്.

ആദ്യം ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ച സെയ്ഫ് പിന്നീട് ലീലാവതി ഹോസ്പിറ്റലിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിച്ചു. എട്ട് മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി.

ഉത്തരാഖണ്ഡ് സ്വദേശിയായ ഭജന്‍ സിംഗ് റാണ സെയ്ഫ് അലി ഖാനില്‍ നിന്ന് ഏകദേശം 50,000 രൂപ കൈപ്പറ്റിയിരിക്കാമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, എന്ത് സഹായമാണ് നടന്‍ നല്‍കിയതെന്ന കാര്യം ഡ്രൈവര്‍ പുറത്തുപറഞ്ഞില്ല. അതേസമയം, ഫൈസാന്‍ അന്‍സാരി എന്ന സാമൂഹിക പ്രവര്‍ത്തകന്‍ 11,000 രൂപ ഡ്രൈവര്‍ക്ക് പാരിതോഷികമായി നല്‍കിയിരുന്നു.