സജി ഗോപിനാഥ് ചുമതലയേല്‍ക്കാന്‍ വൈകും; സിസ തോമസിന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസിയുടെ അധിക ചുമതല

06:23 AM Dec 18, 2025 |


ഡോ. സജി ഗോപിനാഥ് എത്തുന്നത് വരെ ഡോ. സിസ തോമസിന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസിയുടെ അധിക ചുമതല. മാതൃസ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിലെ കാലതാമസം മൂലമാണ് സജി ഗോപിനാഥ് എത്താന്‍ വൈകുന്നത്. ലോക്ഭവന്‍ ആണ് സിസയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

സിസ തോമസിനെ കെടിയു വൈസ് ചാന്‍സലറാക്കി ഉത്തരവിറക്കിയിരുന്നു. ലോക്ഭവനാണ് ഉത്തരവിറക്കിയത്. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വി സിയായും നിയമിച്ച് ഉത്തരവിറക്കി. ഗവര്‍ണറുടെ നോമിനിയാണ് സിസ തോമസ്. ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു നിര്‍ണായക തീരുമാനം. ഇരുവരുടെയും നിയമനം നാലുവര്‍ഷത്തേക്കാണ്. ഇതിന് പിന്നാലെയാണ് സജി ഗോപനാഥിന് ചുമതലയേല്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിക്കാനൊരുങ്ങുന്നത്.

കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാലാ വി സി നിയമനത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള സമവായത്തില്‍ എത്തുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും പരാജയപ്പെട്ടിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകാരമുള്ള മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഗവര്‍ണര്‍ക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കകം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി നല്‍കിയ പേരുകളില്‍ എന്തെങ്കിലും വിയോജിപ്പോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കില്‍ ചാന്‍സലര്‍ക്ക് അക്കാര്യം അറിയാക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിലയില്‍ മുഖ്യമന്ത്രി മുന്‍ഗണന നിശ്ചയിച്ച് പേരുകള്‍ കൈമാറിയിട്ടും തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ കാലതാമസം വരുത്തിയത് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. സ്ഥിരം വി സിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്നും പറഞ്ഞിരുന്നു. വി സി നിയമനത്തിനായി മുദ്ര വെച്ച് കവറില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു.