+

എമ്പുരാന് കേന്ദ്ര ഏജന്‍സികളുടെ ഭീഷണി ഗതികേടെന്ന് സന്ദീപ് വാര്യര്‍, ഇഡിയുടെ പേരു പറഞ്ഞ് റിമ കല്ലിങ്കലിനെ വിരട്ടിയ ആളാണ്

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ പ്രതിഷധത്തെതുടര്‍ന്ന് സിനിമ എഡിറ്റ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര ഏജന്‍സികളുടെ വിരട്ടലിനെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ പ്രതിഷധത്തെതുടര്‍ന്ന് സിനിമ എഡിറ്റ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര ഏജന്‍സികളുടെ വിരട്ടലിനെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയവരുടെ നേരേ കേന്ദ്രഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണിയുണ്ടായെന്നും ഇത് ഗതികേടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പല ബിസിനസുകളും ചെയ്യുന്നവരാണ് നിര്‍മാതാക്കള്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ക്ക് നേരേ കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും ഉണ്ടായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്വാഭാവികമായും അതുണ്ടാക്കിയ സമ്മര്‍ദം മറികടക്കാന്‍ മോഹന്‍ലാല്‍ എന്ന കലാകാരന് സാധിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുക എന്നത് ഇന്നത്തെ ഇന്ത്യയിലെ സാഹചര്യമാണ്. ആ രാഷ്ട്രീയസാഹചര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി ഒരു മലയാളസിനിമ മാറിയ ഗതികെട്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

സിനിമകളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടുകയോ എഴുത്താകാരനെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ, അവരുടെ അന്വേഷണ ഏജന്‍സികളുടെ അവരുടെ മസില്‍പവറിന്റെ, മണിപവറിന്റെ സമ്മര്‍ദം അദ്ദേഹത്തിന്റെ മുകളിലും സിനിമയുടെ മറ്റുനിര്‍മാതാക്കളുടെ മേലിലും ഉണ്ടായി എന്നത് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടകാര്യമാണെന്നും സന്ദീപ് വ്യക്തമാക്കി.

നേരത്തെ ബിജെപിയിലായിരിക്കെ കേന്ദ്ര ഏജന്‍സികളുടെ പേരുപറഞ്ഞ് റിമ കല്ലിങ്കലിനേയും സിനിമാ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയ നേതാവാണ് സന്ദീപ് വാര്യര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയാണ് സന്ദീപ് ഭീഷണി മുഴക്കിയത്.

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍ കൃത്യമായി നികുതി അടച്ച് ബോധിപ്പിക്കണമെന്നും അതില്‍ പലരും വീഴ്ച വീഴ്ച വരുത്തുന്നവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഭീഷണി.

 

facebook twitter