ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴും, സന്ദീപ് വാര്യര്‍

07:32 AM Aug 26, 2025 | Suchithra Sivadas

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് വലിയ കോലാഹലം ഉണ്ടാകുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കി. പോക്സോ കേസില്‍ പ്രതിയായ യെദ്യൂരപ്പ ഇപ്പോഴും പാര്‍ലമെന്ററി ബോര്‍ഡില്‍ തുടരുന്നുണ്ടെന്നും ഇതാണോ ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികതയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

'എന്റെ പഴയ പാര്‍ട്ടിയായ ബിജെപി, അവരാണ് പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത്. അവര്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ കാര്യമായി പറയേണ്ടതില്ലെന്ന് കരുതിയതാണ്. ബിജെപിയുടെ ഉന്നത അധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്ന യെദ്യൂരപ്പയുടെ പേരില്‍ പോക്സോ കേസ് നിലവിലുണ്ട്. ആ ബിജെപിക്ക് രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യത? ബിജെപി എംപി ബ്രിജ്ഭൂഷണ്‍ യാദവ്, 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി അയാളോട് കാണിച്ച അനുകമ്പ എന്താണ്. നടപടിയെടുത്തില്ലെന്ന് മാത്രമല്ല മകന് സീറ്റും കൊടുത്തു. എന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണ് ബിജെപിക്ക് ഉള്ളത്', സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കാര്യം പറഞ്ഞാല്‍ അത് തുടങ്ങാന്‍ പോകുന്നേയുള്ളൂ. കോണ്‍ഗ്രസിനെ മാതൃകയാക്കി നടപടിയെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലിരിക്കാന്‍ ഒരുത്തന്‍പോലും ബാക്കിയുണ്ടാവില്ല. ആരുടെയും രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ല. തനിക്കെതിരെ എന്തൊക്കെയോ പുറത്തുവിടുമെന്നാണ് പറയുന്നത്. തേങ്ങ ഉടക്ക് സ്വാമി എന്നാണ് പറയാനുള്ളത്. തനിക്ക് ഉടക്കാനാണെങ്കില്‍ പതിനായിരം തേങ്ങയുണ്ട്. തങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചവരുടെ മുഖം മൂടി അഴിഞ്ഞുവീഴാന്‍ 48 മണിക്കൂര്‍ പോലും തികയില്ല. ബാക്കി വരുന്നിടത്തുവെച്ച് കാണാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.