
കോഴിക്കോട്: സി.പി.എമ്മുകാർ അധികം കളിക്കേണ്ടെന്നും കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന ആരോപണത്തോടെയായിരുന്നു പ്രതിപക്ഷ നേതാവിൻറെ മുന്നറിയിപ്പ്. ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എമ്മെന്നും ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ പറഞ്ഞു.
“ലൈംഗികാരോപണം വന്നയാൾക്കെതിരെ സംഘടനാപരമായ നടപടി ഞങ്ങൾ സ്വീകരിച്ചു. റേപ്പ് കേസിൽ പ്രതിയായ പലരും നിയമസഭയിൽ ഇരിക്കുന്നു. ലൈംഗികാരോപണം നേരിടുന്ന എത്ര മന്ത്രിമാരുണ്ട്? അവരെയൊക്കെ ആദ്യം പുറത്താക്ക്. ആ എം.എൽ.എയോട് രാജിവെക്കാൻ പറ. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ലൈംഗികാരോപണം നേരിടുന്ന ആളുകളെ വെച്ചുകൊണ്ട് സി.പി.എം നടത്തുന്ന പ്രതിഷേധം എം.വി. ഗോവിന്ദനെ രക്ഷിക്കാനും മന്ത്രിയുൾപ്പെട്ട ഹവാലക്കേസ് മുക്കാനുമാണ്. സി.പി.എമ്മുകാർ അധികം കളിക്കണ്ട. കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ട്.
പാർലമെൻറ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എം. അയ്യപ്പസ്നേഹം അതിൻറെ ഭാഗമാണ്. തീക്കൊള്ളി കൊണ്ടാണ് അവർ തല ചൊറിയുന്നത്. സി.പി.എമ്മിന് ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും. സി.പി.എം തികഞ്ഞ സ്ത്രീവിരുദ്ധത പുലർത്തുന്ന പാർട്ടിയാണ്. പൊലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾക്ക് നീതി കിട്ടുന്നില്ല. സി.പി.എം ഈ വേട്ടയാടൽ അവസാനിപ്പിക്കണം. എന്തൊരു പാർട്ടിയാണിത്? എത്രമാത്രം അധഃപതിച്ചിരിക്കുന്നു. സ്ത്രീകളെ വേട്ടയാടുന്ന പാർട്ടിയായി സി.പി.എം മാറിയതിൽ ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്” -വി.ഡി. സതീശൻ പറഞ്ഞു.
തിരുവനന്തപുരം ആര്യനാട്ട് പഞ്ചായത്തംഗം ജീവനൊടുക്കിയത് സി.പി.എമ്മുകാരുടെ വേട്ടയാടലിൻറെ ഫലമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളയാൾക്കെതിരെ നിങ്ങൾ പൊതുയോഗം നടത്തി അധിക്ഷേപിക്കുകയാണോ? ഉത്തരവാദിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം. സി.പി.എമ്മുകാർക്ക് ശ്രീജ ഒന്നും കൊടുക്കാനില്ല. ജനങ്ങൾക്കു മുമ്പിൽ അധിക്ഷേപിക്കപ്പെട്ടതിനാലാണ് അവർ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യത തീർക്കാൻ അവർ ലോണെടുത്തിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ആര്യനാട്ടെ വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തിയ ശ്രീജയെ ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളാണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടത്. മൂന്നുമാസത്തിന് മുമ്പ് ശ്രീജ ഗുളികൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് പ്രതിഷേധം നടത്തിയിരുന്നു. 80 ലക്ഷത്തോളം രൂപ നാട്ടുകാരിൽ നിന്ന് വാങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിൻറെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കോൺഗ്രസ് ആരോപിച്ചു.