തിരുവനന്തപുരം: കൈക്കൂലിയുൾപ്പെടെ വാങ്ങിയെന്ന് കണ്ടെത്തിയ 112 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശയുമായി വിജിലൻസ്.
72 പേർക്കെതിരെ വകുപ്പുതല നടപടിക്കും ഗുരുതര ക്രമക്കേടുകൾ നടത്തിയ 40 പേർക്കെതിരെ തുടരന്വേഷണത്തിനുമാണ് വിജിലൻസ് സർക്കാറിനോട് ശിപാർശ ചെയ്തത്. ഡ്രൈവിങ് ടെസ്റ്റുകൾ നടക്കുന്നയിടത്തെ ഭൂരിഭാഗം കാമറകളും പ്രവർത്തനരഹിതമാണ്.
ഇവ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമീഷണർക്ക് ശിപാർശ നൽകാനും വിജിലൻസ് തീരുമാനിച്ചു. ജൂലൈ 19ന് വൈകീട്ടായിരുന്നു സംസ്ഥാനത്തെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ‘ഓപറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്.
നേരിട്ടും ഓൺലൈനായും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയത് പരിശോധനയിൽ കണ്ടെത്തി. അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.