ഗസ്സ സിറ്റി: ഗസ്സ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
മുഹമ്മദ് സലാമ ഫലസ്തീനി മാധ്യമപ്രവർത്തക ഹല അസ്ഫൂറിനെ വിവാഹം ചെയ്തത് കഴിഞ്ഞവർഷം യുദ്ധത്തിനിടയിലാണ്. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ.
ആശുപത്രിക്കുമേൽ നേരിട്ട് ബോംബിടുകയായിരുന്നു. രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തിയപ്പോൾ വീണ്ടും ബോംബിട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ആശുപത്രിയിലും മറ്റു ആശുപത്രികളിലും ഇസ്രായേൽ മുമ്പ് പലവട്ടം ബോംബിട്ടിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. യുദ്ധം ആരംഭിച്ചശേഷം 274 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
ഗസ്സ സിറ്റിയിലെ സൈത്തൂൻ, സബ്റ എന്നിവിടങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തി. അതിനിടെ യമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ യമൻ തലസ്ഥാനമായ സൻആയിൽ വ്യോമാക്രമണം നടത്തി. ആറുപേർ കൊല്ലപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എണ്ണശുദ്ധീകരണശാലയേയും ഊർജകേന്ദ്രത്തേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതികൾ അറിയിച്ചു. എന്നാൽ, മിലിറ്ററി കോംപ്ലക്സിലെ പ്രസിഡന്റിന്റെ കൊട്ടാരമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ഭൂരിപക്ഷം ആക്രമണങ്ങളും പ്രതിരോധിക്കാൻ കഴിഞ്ഞുവെന്ന് ഹൂതികൾ വ്യക്തമാക്കി.