
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് സോഷ്യല്‍ മീഡിയയിലെങ്ങും കൈയ്യടി ഉയരുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എക്കാലവും നിരപരാധികളാണ് യുദ്ധത്തിന്റെ ഇരകളെന്നും തിരിച്ചടിക്കുമ്പോഴും സാധാരണക്കാരേയാണ് ബാധിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാല്‍ കിട്ടുന്നതല്ലെന്നുമാണ് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടിയുടെ കുറിപ്പ്. രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ സിരകളില്‍ ചോര പതയ്ക്കുകയെന്നും അവര്‍ പറയുന്നു.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല.
പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു.
എന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാന്‍ ആലോചിക്കുക.
രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ സിരകളില്‍ ചോര പതയ്ക്കുക.
വേദനിച്ചാല്‍ എന്റെ കുഞ്ഞുങ്ങള്‍ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോര്‍ക്കുമ്പോള്‍ ഒരു വേദന എന്റെ ഗര്‍ഭപാത്രത്തെ പിളര്‍ക്കുന്നുണ്ട്.
സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാല്‍ കിട്ടുന്നതല്ല. അവര്‍ക്ക് നല്ല ബുദ്ധിക്കായി പ്രാര്‍ഥിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ്.
അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാര്‍ഥനയില്ല.