+

സൗദിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 22,147 പ്രവാസി നിയമലംഘകര്‍ പിടിയില്‍

3,566 പേരുടെ വിവരങ്ങള്‍ വിമാന ടിക്കറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അയച്ചു. 10,820 വിദേശികളെ നാടുകടത്തി.

ഒരാഴ്ചക്കുള്ളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ച 22,147 പ്രവാസികള്‍ സൗദിയില്‍ അറസ്റ്റില്‍. സംയുക്ത ഫീല്‍ഡ് സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായി ജൂലൈ 24 നും ജൂലൈ 30 നും ഇടയില്‍ നടന്ന പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ നിയമലംഘകരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവരില്‍ 13,835 പേര്‍ താമസ നിയമം ലംഘിച്ചവരും 4,772 പേര്‍ അതിര്‍ത്തിസുരക്ഷ നിയമം ലംഘിച്ചവരും 3,540 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,816 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 36 ശതമാനം യമന്‍ പൗരന്മാരും 62 ശതമാനം ഇത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 34 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. നിയമലംഘകരെ കൊണ്ടുപോകുക, അഭയം നല്‍കുക, ജോലി നല്‍കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്തു. നിലവില്‍ 18,326 പുരുഷന്മാരും 2,817 സ്ത്രീകളും ഉള്‍പ്പെടെ 21,143 കുറ്റവാളികള്‍ ശിക്ഷാനടപടിക്രമങ്ങള്‍ക്ക് വിധേയരാക്കി. യാത്രാരേഖകള്‍ ലഭിക്കുന്നതിനായി 13,569 നിയമലംഘകരെ അവരുടെ എംബസികള്‍ക്ക് റഫര്‍ ചെയ്തു. 3,566 പേരുടെ വിവരങ്ങള്‍ വിമാന ടിക്കറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അയച്ചു. 10,820 വിദേശികളെ നാടുകടത്തി.

facebook twitter