ഇടുക്കി : ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ മില്‍ക്ക് വെന്‍ഡിങ്ങ് മെഷീന്‍ മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിച്ചത് .മൂന്നാറിലെ പാല് തരുന്ന എടിഎം കണ്ട് ഞെട്ടിയിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാര്‍നര്‍. സഞ്ചാരിയായ ഹഗ് തൻ്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
ഒരു ലിറ്റര്‍ പാലിന്റെ വിലയാണ് ഇയാളെ അത്ഭുതപ്പെടുത്തിയത്. ഒരു ലിറ്റര്‍ പാലിന് 0.60 ഡോളര്‍ (52 രൂപ) മാത്രമാണ് വിലയെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
10, 20, 50, 100 നോട്ടുകളില്‍ ഏതെങ്കിലുമൊന്ന് യന്ത്രത്തില്‍ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വച്ച് കൊടുത്താല്‍ കൊടുത്ത തുകക്കുള്ള പാല്‍ ലഭിക്കുന്നു. 200 ലിറ്റര്‍ സംഭരണശേഷിയുള്ള മെഷീനാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. 1000 ലിറ്ററോളം പാല്‍ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേക്കെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിച്ചത്.
തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും ഹൂഗ് പറയുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന മിൽക്ക് എടിഎം എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാവില എട്ട് മുതൽ രാത്രി ഏഴ് വരെ എന്ന് വെൻഡിങ് മെഷീന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലാണ് സംഭവമെങ്കിലും ഇന്ത്യ എന്നാണ് ഹൂഗ് പറയുന്നത്. കേരളം ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ത്യ പത്ത് വര്‍ഷം കഴിഞ്ഞാണ് ചിന്തിക്കുന്നതെന്നും യു.കെയിലും ജര്‍മനിയിലും ഇത്തരത്തില്‍ മില്‍ക്ക് എടിഎമ്മുകള്‍ ഉണ്ടെന്നും കമന്റുകളുണ്ട്.
ദേവികുളം ബ്ലോക്കിലെ ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച മില്‍ക്ക് എ.ടി.എം. ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാല്‍ വാങ്ങാം എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപിച്ചത്.