ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബൈസരന്‍ വാലിയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പ്രധാന കാരണം സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തല്‍. കിലോമീറ്ററുകളോളം കുതിരപ്പുറത്തും നടന്നുമെല്ലാം ചെന്നെത്തേണ്ട ബൈസരണ്‍ വാലിയിലേക്കുള്ള യാത്ര തീര്‍ത്തും സുരക്ഷയില്ലാതെയാണ്.
കശ്മീരില്‍ പലയിടത്തും സുരക്ഷാ വിന്യാസം ശക്തമാണ്. ഓരോ നൂറു മീറ്ററിലുമെന്നപോലെ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആയിരക്കണക്കിന് യാത്രികരെത്തുന്ന ബൈസരന്‍ വാലിയിലോ അവിടേക്കുള്ള സഞ്ചാരപാതയിലോ സുരക്ഷാ ഉദ്യോഗസ്ഥരില്ലെന്നതാണ് ശ്രദ്ധേയം.
സുരക്ഷാ വീഴ്ചയ്ക്ക് പുറമെ ഇന്റലിജന്‍സും പരാജയപ്പെട്ടതായാണ് വിമര്‍ശനം ഉയരുന്നത്. മിലിട്ടന്റുകളുടെ ചലനങ്ങളെക്കുറിച്ച് നേത്തെ മുന്നറിയിപ്പുകള്‍ ലഭിക്കാത്തത് നിരപരാധികളുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയായി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതിനെ സുരക്ഷ, ഇന്റലിജന്‍സ് പരാജയമായി വിശേഷിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനു ശേഷം ജമ്മു കശ്മീരില്‍ സാധാരണ നില സ്ഥാപിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ അവകാശവാദങ്ങളാണ് പൊളിഞ്ഞതെന്നാണ് വിമര്‍ശനം.
പഹല്‍ഗാമിലെ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരന്‍ താഴ്വര തീവ്രവാദികള്‍ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സുരക്ഷാവിന്യാസമില്ലാത്തതാണ്. ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിമൂലം ഇവിടെ എത്തിപ്പെടുകയും എളുപ്പമല്ല.
പഹല്‍ഗാം പട്ടണത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബൈസരന്‍ പുല്‍മേടിലേക്ക്, അരുവികള്‍, ഇടതൂര്‍ന്ന വനങ്ങള്‍, ചെളി നിറഞ്ഞ പ്രദേശങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന ഒരു സര്‍പ്പന്റൈന്‍ ട്രെക്ക് പാതയിലൂടെ എത്തിച്ചേരാം. ദുര്‍ഘടമായ ഇവിടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. റൂട്ടിന്റെ ചില ഭാഗങ്ങള്‍ വളരെ വഴുക്കലുള്ളതാണ്, ചെറിയ പിഴവ് ഒരു വിനോദസഞ്ചാരിയെ ആഴത്തിലുള്ള മലയിടുക്കുകളിലേക്ക് വീഴ്ത്തിയേക്കാം.
പഹല്‍ഗാമില്‍ നിന്ന്, വിനോദസഞ്ചാരികള്‍ കാല്‍നടയായും കുതിരപ്പുറത്തും പുല്‍മേടുകളില്‍ എത്തുന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന് പഹല്‍ഗാമില്‍ നിന്ന് ബൈസരനില്‍ കാല്‍നടയായി എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. വഴിയില്‍ ചെറിയ ഇടവേളകളുണ്ടെങ്കില്‍ യാത്ര പിന്നെയും നീളും.
ഇത്രയും ദുര്‍ഘടമായ ഭൂപ്രകൃതി കാരണം സുരക്ഷാ സേനയ്ക്ക് വിനോദസഞ്ചാര കേന്ദ്രത്തിലെത്താന്‍ കുറഞ്ഞത് 30-40 മിനിറ്റ് എടുക്കും. ധാരാളം വിനോദസഞ്ചാരികളുടെ തിരക്ക് ഉണ്ടായിരുന്നിട്ടും, പഹല്‍ഗാം-ബൈസരന്‍ റൂട്ടില്‍ സുരക്ഷാ വിന്യാസം ഉണ്ടാകാറില്ല. 5.5 കിലോമീറ്റര്‍ റൂട്ടില്‍ ഒരു പോലീസ് പിക്കറ്റ് പോലും ഇല്ലെന്നതാണ് ശ്രദ്ധേയം.
30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബൈസരനില്‍ എല്ലാ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) നിന്നുള്ള തീവ്രവാദികള്‍ എതുവഴിയാണ് ഇവിടെ എത്തിയതെന്നും തിരിച്ചുപോയതെന്നുമുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യം വയ്ക്കുന്നത് വളരെ അപൂര്‍വമായിട്ടാണ്.