അല്‍ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ രണ്ട് പേരും ഏഷ്യന്‍ വംശജരായ പ്രവാസികളാണ്.
സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും രണ്ട് പ്രതികളും ഒരു ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈന്‍ ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ബോട്ട് ഉടമകളുടെയും മുന്‍കൂര്‍ അറിവോടെയാണ് സംഭവമുണ്ടായത്.
ഒക്ടോബര്‍ 22 ബുധനാഴ്ചയാണ് അല്‍ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്കും അധികൃതര്‍ക്കും തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തില്‍ നിരവധി ബോട്ടുകള്‍ കത്തി നശിക്കുകയും സാരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയുണ്ടായി.
 
  
  
 