രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി‌; ക്രൈം ബ്രാഞ്ച് മൊഴിയെടുപ്പ് തുടരുന്നു

09:17 AM Sep 03, 2025 |


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ മൊഴിയെടുപ്പ് തുടർന്ന് ക്രൈം ബ്രാഞ്ച്. പരാതിക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല.

പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് നീക്കം. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.


ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.