മുംബൈ : തെരഞ്ഞെടുപ്പ് അട്ടിമറിയുടെ മറ്റൊരു കഥയുമായി ഇൻഡ്യ മുന്നണി മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാമെന്ന വാഗ്ദാനവുമായി രണ്ടു പേർ തങ്ങളെ സമീപിച്ചുവെന്ന് നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ പവാർ വെളിപ്പെടുത്തി.
നിയമ സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 288 സീറ്റിൽ ഇൻഡ്യ മുന്നണിക്ക് 160 സീറ്റുകൾ സ്വന്തമാക്കാൻ സഹായിക്കാമെന്നും, അതിനുള്ള വഴികൾ തങ്ങളുടെ കൈയിലുണ്ടെന്നും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു രണ്ടുപേർ സമീപിച്ചതെന്ന് പവാർ പറഞ്ഞു. എന്നാൽ, താനും, രാഹുൽ ഗാന്ധിയും ഇത് നിരസിച്ചുവെന്നും എൻ.സി.പി നേതാവ് വെളിപ്പെടുത്തി.
‘ഡൽഹിയിൽ വെച്ചായിരുന്നു ആ രണ്ടുപേർ ഞങ്ങളെ തേടിയെത്തിയത്. 288ൽ 160 സീറ്റ് ഇൻഡ്യ മുന്നണിക്ക് നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. അവരുടെ സംസാരം കേട്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ സംവിധാനങ്ങളും കൈയിലുണ്ടെന്നായിരുന്നു അവകാശവാദം. എന്നാൽ, അവരെ അവഗണിക്കാനായിരുന്നു ഞാനും രാഹുൽ ഗാന്ധിയും തീരുമാനിച്ചത്. ഇത് ഞങ്ങളുടെ വഴിയല്ലെന്ന സന്ദേശവും അവർക്കു നൽകി. തെരഞ്ഞെടുപ്പ് കമീഷനെയായിരുന്നു ഞങ്ങൾക്ക് വിശ്വാസം’ -ശരദ് പവാർ വെളിപ്പെടുത്തി.
ഇതുപോലുള്ള വളഞ്ഞ വഴിയല്ല തങ്ങളുടേതെന്നും ജനപിന്തുണ ആർജിക്കാനും തെരഞ്ഞെടുപ്പിനെ സത്യസന്ധമായി നേരിടാനുമാണ് താനും രാഹുലും നിശ്ചയിച്ചതെന്നും ശരദ് പവാർ പറഞ്ഞു.
തീർത്തും അവഗണിച്ച സംഭവങ്ങളായതുകാരണം അവരുടെ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ സൂക്ഷിച്ചില്ലെന്നും പവാർ കൂട്ടിചേർത്തു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ മുൾമുനയിൽ നിർത്തി വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തെളിവുകൾ സഹിതം രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിൽ രാജ്യം പകച്ചു നിൽക്കുമ്പോഴാണ് അസ്വാഭാവിക സംഭവങ്ങളെ കുറിച്ച് മുതിർന്ന നേതാവ് ശരദ് പവാറും തുറന്നു പറയുന്നത്.
2024 ലോക് സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ശരദ് പവാർ, ഉദ്ധവ് താക്കറെയുടെ ശിവസേന, കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 48ൽ 30 സീറ്റും ഇൻഡ്യമുന്നണി സ്വന്തമാക്കിയിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 50 സീറ്റ് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ.
അതേസമയം, ശരദ് പവാറിന്റെ വെളിപ്പെടുത്തലുകളെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. എന്തുകൊണ്ട് ശരദ് പവാർ ഇതിനുമുൻപ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് പറഞ്ഞില്ല എന്ന ചോദ്യമുയർത്തിയ ഫഡ്നാവിസ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനെയും കമീഷനെയും പഴിചാരുകയാണെന്നും കുറ്റപ്പെടുത്തി.