ഭര്‍ത്താവിനെ കൊന്ന് ടൈല്‍സിനടിയില്‍ കുഴിച്ചിട്ടു; മുംബൈയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം

10:40 AM Jul 22, 2025 | Renjini kannur

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു.35കാരനായ വിജയ് ചവാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമള്‍ ചവാനെയും (28) കാമുകനെയും പൊലീസ് തെരയുകയാണ്.

മുംബയില്‍ നിന്ന് 70 കിലോമീറ്റർ അകലെയുള്ള നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. 15 ദിവസമായി വിജയ് ചവാനെ കാണാനില്ലായിരുന്നു.തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ച്‌ സഹോദരന്മാർ വീട്ടിലെത്തി. ഈ സമയം വീട്ടിനകത്തെ ടെെലുകള്‍ സമീപത്തെ മറ്റ് ടെെലുകളില്‍ നിന്ന് വ്യത്യസ്ത നിറത്തിലുള്ളതാണെന്ന് ഇവർ കണ്ടെത്തി. സംശയം തോന്നിയ ഇവർ ടെെലുകള്‍ നീക്കം ചെയ്തപ്പോള്‍ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഉടൻ സഹോദരന്മാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ടെെലുകള്‍ക്ക് താഴെ കുഴിച്ചിട്ട നിലയില്‍ വിജയ് ചവാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിജയ് ചവാന്റെ ഭാര്യയെയും അയല്‍ക്കാരനായ മോനുവിനെയും രണ്ടുദിവസമായി കാണാനില്ലെന്നാണ് വിവരം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും രണ്ടുപേരും ചേർന്ന് വിജയ് ചവാനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസ് സംശയിക്കുന്നത്.