കൊച്ചി: മലപ്പുറത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്. ബിഹാറിലെ ആരോഗ്യരംഗത്തെ അവസ്ഥ കണ്ടാലറിയാം കേരളത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ എത്ര മികച്ചതാണെന്ന്. വാട്‌സപ്പിലൂടെയും യുട്യൂബ് ചാനലിലൂടെയും നമ്മുടെ നാടിനെ തിരിച്ച് ആ പഴയ കാലത്തേക്ക് തിരികെ വലിച്ചിടാനുള്ള വിചിത്രമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ശ്രീചിത്രയില്‍ പൊതുജനാരോഗ്യത്തില്‍ പിജി ചെയ്യുന്ന സമയത്ത് ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉണ്ടായിരുന്നു. ആ സമയത്ത് മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ, വീട്ടില്‍ പോയി പ്രസവമെടുക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ താമസസ്ഥലത്ത് പോയി ഗാര്‍ഹികപ്രസവത്തിന്റെ ആരോഗ്യപരവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞ് മനസ്സിലാക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അന്ന് അവരുടെ സംസാരത്തില്‍ നിന്ന് നേരിട്ട് അറിഞ്ഞതാണ് ഈ അന്ധവിശ്വാസത്തിന്റെ ആഴം.
ആശുപത്രിയില്‍ പോയാല്‍ ആവശ്യമില്ലാതെ കീറും, മരുന്നുകള്‍ കുത്തി വെക്കും, രോഗിയാക്കും...പോരാത്തതിന് ആ വയറ്റാട്ടിയുടെ പേരിന്റെ കൂടെ 'വൈദ്യ' എന്നോ മറ്റോ ചേര്‍ത്ത് വെച്ചിട്ടുള്ള ഒരു ഐഡി കാര്‍ഡും കണ്ടിരുന്നു. എന്തോ വലിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കുന്ന പോലെ വലിയ ആത്മവിശ്വാസത്തോടയാണ് അന്ന് ആ വീട്ടുകാര്‍ അതെടുത്തു നീട്ടിയത് !
ഡോക്ടര്‍മാര്‍ അടക്കം വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ട് എന്ത് ഫലമുണ്ടായി? ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന മാതൃമരണനിരക്കുള്ള കേരളത്തില്‍, ഗാര്‍ഹികപ്രസവത്തില്‍ ഒരമ്മ കൂടി മരിച്ചിരിക്കുന്നു. അതും മുപ്പത്തഞ്ച് വയസ്സില്‍ അഞ്ച് മക്കളുടെ അമ്മയായ ഒരുവള്‍. കാരണം അത് തന്നെ - മരുന്ന് കഴിക്കരുത്, ചികിത്സ പാടില്ല, പ്രസവത്തിന് ആശുപത്രിയില്‍ പോകരുത്, പ്രസവം നിര്‍ത്തരുത്, അക്യുപംക്ചര്‍, സിദ്ധചികിത്സ...
ഇനി എത്ര പെണ്ണുങ്ങളെ കൊലക്ക് കൊടുത്താലാണ് പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് ബോധം വെക്കുക? മനുഷ്യനെ മനസിലാവാത്ത, വെള്ളയും വെള്ളയും ഇട്ട് ചുറ്റുമുള്ളവരുടെ സന്തോഷവും സമാധാനവും ആരോഗ്യവും സ്വസ്ഥതയും കുരുതിക്ക് കൊടുക്കാന്‍ കച്ച കെട്ടിയിറങ്ങിയ പണ്ഡിതവേഷധാരികളോട് യാതൊന്നും പറയാനില്ല. ഒരു പെണ്ണ് പോയാല്‍ 'റിപ്പീറ്റ്' എന്നതില്‍ കവിഞ്ഞുള്ള വിലയൊന്നും സ്ത്രീകള്‍ക്ക് അക്കൂട്ടര്‍ കരുതിയിട്ടില്ല. അതില്‍ കവിഞ്ഞ പ്രതീക്ഷയും അവരില്‍ നിന്നുമില്ല.
സാധാരണ മനുഷ്യരോടാണ്... ഇത്തരക്കാരോ വ്യാജചികിത്സകരോ പറയുന്നതില്‍ ഭ്രമിച്ചു പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കരുത്. ഇന്ത്യയില്‍ ഏറ്റവും നല്ല ആരോഗ്യവ്യവസ്ഥയാണ് നമ്മുടെ കേരളത്തിലുള്ളത്. ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്, ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ ഹെല്‍ത് സിസ്റ്റം ഉള്ള സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാണ്. ഇന്ന് കേരളത്തില്‍ കാണുകയോ കേള്‍ക്കുകയോ പോലും ചെയ്യാത്ത തരത്തിലുള്ള ഏറെ ഗര്‍ഭകാല സങ്കീര്‍ണതകളും മാതൃമരണവും നവജാതശിശു മരണവും എല്ലാം സുലഭമായൊരിടത്ത്. വീട്ടിലെ പ്രസവമൊക്കെ അവിടെ സര്‍വ്വസാധാരണം. ബിഹാറില്‍ ഗര്‍ഭകാലത്തോ പ്രസവം കഴിഞ്ഞയുടനുള്ള കാലാവധിയിലോ ഒരു ലക്ഷം അമ്മമാരില്‍ 118 പേര്‍ മരിക്കുന്നു എന്നാണ് കണക്ക്. ഇതേ കണക്ക് പ്രകാരം, കേരളത്തില്‍ ഒരു ലക്ഷത്തില്‍ 19 അമ്മമാര്‍ മാത്രം മരിക്കുന്നുവെന്നത് ചേര്‍ത്ത് വായിക്കണം. Maternal Mortality Rate (MMR) എന്നാണ് ഇതിന്റെ സങ്കേതികപദം. ഈ അന്തരത്തിന്റെ കാരണമറിയാമോ?
പിന്നോക്കസംസ്ഥാനങ്ങളില്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും നോര്‍മല്‍ പ്രസവമെടുക്കാന്‍ ഒരു വിധ ഡോക്ടറുടെയും മേല്‍നോട്ടമില്ല. സിസേറിയന്‍ ചെയ്യുന്ന തീയറ്ററുകള്‍, സൗകര്യങ്ങള്‍ തുടങ്ങിയവ വളരെ പരിതാപകരമാണ്. ലേബര്‍ റൂമില്‍ കയറേണ്ടി വന്ന അവസരങ്ങളില്‍ കണ്ട പലതും ഉള്ളുലച്ചിട്ടുണ്ട്, കേരളത്തില്‍ ജനിക്കാന്‍ ഭാഗ്യം കിട്ടിയതോര്‍ത്ത് നെടുവീര്‍പ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം ഉള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രിയില്‍ പോവാന്‍ എല്ലാവര്‍ക്കും പാങ്ങുമില്ല. ഭീതിജനകമായ സ്ഥിതിയാണ് പലയിടത്തും.
അയണ്‍, കാല്‍സ്യം ഗുളികകള്‍ കൃത്യമായി കഴിക്കാതെയും, Td വാക്‌സിന്‍ എടുക്കാതെയും, ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അനുസരിക്കാതെയും വര്‍ഷാവര്‍ഷം പ്രസവിച്ചും, ആണ്‍കുട്ടി ഉണ്ടാകും വരെ തുടര്‍ച്ചയായി പ്രസവിച്ചു കൊണ്ടേ ഇരുന്നുമൊക്കെ എത്രയോ സ്ത്രീകള്‍ അവിടെ മാറാരോഗികളാകുകയോ മരിക്കുകയോ ചെയ്യുന്നുണ്ട്. സിസ്റ്റത്തില്‍ ഉള്ള കടുത്ത പാളിച്ചകള്‍ കാരണം, എല്ലാ മരണങ്ങളും രേഖപ്പെടുത്തപ്പെടുന്നത് പോലുമുണ്ടാകില്ല. കേരളത്തിനു പുറത്തെന്ത് അകത്തെന്ത് എന്നിങ്ങനെ രണ്ട് ഹെല്‍ത്ത് സിസ്റ്റവും തൊട്ടടുത്ത് നിന്ന് കണ്ടറിഞ്ഞൊരാള്‍ പറയുന്നതാണ്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ, എന്താണ് നമ്മുടെ കൈയിലുള്ളതിന്റെ വിലയെന്ന് നമ്മളില്‍ പലരും തിരിച്ചറിയുന്നില്ല.
ഈ പറയുന്ന 'സിദ്ധന്‍' മലപ്പുറത്ത് വന്നു താമസിക്കുന്ന ആളാണ്, കാസര്‍ഗോഡ് മൗലവി ആണ്, ഭാര്യവീട് പെരുമ്പാവൂര്‍ ആണ് എന്നൊക്കെ വാര്‍ത്തയില്‍ കേട്ടു. അയാളുടെയും ഭാര്യയുടെയും സ്വന്തം സ്ഥലം ഏതോ ആകട്ടെ, അന്ധവിശ്വാസത്തിന് അഡ്രസ്സ് ആവശ്യമില്ല. ഒരു പെണ്ണിനെ കൊലക്ക് കൊടുത്തു എന്ന് തീര്‍ത്തു പറയാം.
അഞ്ച് മക്കളുടെ അമ്മയെ കൊന്നു കളഞ്ഞതിന് അയാള്‍ക്കുള്ളത് ഈ നാട്ടിലെ നിയമം കൊടുക്കാതിരിക്കില്ല. ഒരു കാരണവശാലും, ഇത്തരക്കാരെ വിശ്വസിക്കരുത്. വീട്ടിലെ പ്രസവവും നടത്തി കുട്ടിക്ക് വാക്‌സിനും എടുക്കാതെ 'മാതൃക' ആക്കി കാണിച്ചു പൊന്നാട അണിയിക്കുന്നവരെ ഇതേ നിയമം കൊണ്ട് കൈകാര്യം ചെയ്യണമെന്നാണ് അഭിപ്രായം.
ഗര്‍ഭകാലം ഒരിക്കലുമൊരു രോഗാവസ്ഥയല്ല. പക്ഷേ, ഉള്ളിലൊരു ജീവന്‍ പേറി, രോഗപ്രതിരോധശേഷി ഒരല്‍പം കുറഞ്ഞ്, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉള്ളതിനാല്‍ അമിതരക്തസമ്മര്‍ദം/പ്രമേഹം/തൈറോയിഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍, കടുത്ത അണുബാധകള്‍ എന്ന് തുടങ്ങി ഏറെ പ്രശ്‌നങ്ങള്‍ വളരെ സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ശാരീരിക അവസ്ഥയാണത്.
ഗര്‍ഭിണിയാണെന്ന് അറിയുന്ന സമയം മുതല്‍ പ്രസവശേഷമുള്ള പരിശോധനകള്‍ വരെ കൃത്യമായി നടക്കണം. ഇത് വ്യാജ ചികിത്സകര്‍ പറയുന്നത് പോലെ ഡോക്ടര്‍ക്ക് പുട്ടടിക്കാന്‍ ഉള്ളതല്ല, അമ്മയുടെയും കുഞ്ഞിനേയും ജീവന്റെ വിലയുള്ള കാര്യമാണ്.
ഉദാഹരണത്തിന്, ഗര്‍ഭിണിയായ ഉടന്‍, ഗര്‍ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭമാണോ എന്നും മറ്റും അറിയാന്‍ പ്രാഥമികപരിശോധനകള്‍ കൂടിയേ തീരൂ. ജീവാപായം പോലും ഉണ്ടാവുന്ന അവസ്ഥയാണിത്.
എന്റെ അനിയന്റെ കുഞ്ഞ് ഗര്‍ഭപാത്രത്തിന്റെ പുറത്തുള്ള ഗര്‍ഭത്തിന്റെ (ectopic pregnancy)എല്ലാ സീമകളും ലംഘിച്ചു കരളിന് കീഴെയായിരുന്നു ചെന്ന് പറ്റിപ്പിടിച്ച് ഏതാണ്ട് രണ്ടര മാസത്തോളം വളര്‍ന്നത്. വളരെ അപൂര്‍വ്വമായ അവസ്ഥ. അന്ന് നേരത്തും കാലത്തും വേണ്ട പരിശോധനകളും ചികിത്സയും സങ്കീര്‍ണമായ ശസ്ത്രക്രിയയും നടത്തിയ മെഡിക്കല്‍ ടീമിന്റെ വൈദഗ്ധ്യം കാരണം അവന്റെ പങ്കാളി ഇന്ന് ജീവിച്ചിരിപ്പുണ്ട്.
അബോര്‍ഷന്‍ എല്ലായെപ്പോഴും 'ആ, അത് പോയി' എന്ന് പറയുന്ന കണക്ക് സിംപിള്‍ അല്ല. ഗര്‍ഭാശയത്തിന് അകത്ത് വല്ലതും ബാക്കി കിടന്നാല്‍ കടുത്ത ഇന്‍ഫക്ഷന്‍ വരാം. അയണ്‍ ഗുളികകള്‍ കഴിക്കാതിരുന്നാല്‍ ഗര്‍ഭിണിക്ക് വിളര്‍ച്ച ഉണ്ടാകാം, അതിന്റെ പലവിധ കോംപ്ലിക്കേഷന്‍ നേരിടേണ്ടി വരും. അമ്മക്ക് രക്തം കുറഞ്ഞാല്‍ കുഞ്ഞിലേക്ക് പോഷകങ്ങളും ഓക്‌സിജനും പോലും എത്തില്ല, പ്രസവസമയത്തുള്ള പ്രശ്നങ്ങള്‍ വേറെയും. അമ്മ Td വാക്‌സിന്‍ എടുക്കാതെ വീട്ടിലും മറ്റ് വൃത്തിക്കുറവുള്ള ഇടങ്ങളിലും പ്രസവം നടന്നാല്‍ നവജാതശിശുവിന് ടെറ്റനസ്
രോഗമുണ്ടാകാം. കേരളത്തില്‍ 2002ന് ശേഷം ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത് നാട്ടില്‍ ടെറ്റനസ് ബാക്റ്റീരിയ ഇല്ലാഞ്ഞിട്ടല്ല, അമ്മക്ക് വാക്‌സിന്‍ നല്‍കുന്നത് കൊണ്ടാണ്.
'ദിവസവും വീട് അടിച്ചുവാരി തുടക്കുന്നുണ്ടല്ലോ, ഞങ്ങടെ വീട് സൂപ്പര്‍ ആണ്' എന്ന് ചിന്തിക്കേണ്ട. ആശുപത്രികളിലെ ശാസ്ത്രീയമായ രീതിയിലുള്ള അണുനശീകരണവും വീട്ടിലെ കാഴ്ചക്കുള്ള വൃത്തിയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.
ഓരോ ഘട്ടത്തിലും ഡോക്ടറെ കാണണം, ആവശ്യമുള്ള സപ്പോര്‍ട്ടീവ് മരുന്നുകള്‍ കഴിക്കണം. ഗര്‍ഭകാലത്തെ ഗുളികകളും മറ്റും രണ്ടാളുടെയും സുരക്ഷക്ക് വേണ്ടിയാണ്, അല്ലാതെ ഗര്‍ഭത്തെ രോഗമായി കണ്ടു കൊണ്ടുള്ളതല്ല. ഇനി അഥവാ ഗര്‍ഭിണിക്ക് വല്ല രോഗവും പിടിപെട്ടാല്‍ തന്നെ, അവര്‍ക്ക് ഒരു മരുന്നെഴുതണമെങ്കില്‍ പോലും ഡോക്ടര്‍ പല തവണ ആലോചിക്കും. അത്രയേറെ സൂക്ഷ്മത പാലിക്കേണ്ട കാര്യമാണത്. മറിച്ചുള്ളത് വെറും കുപ്രചരണങ്ങള്‍ മാത്രമാണ്.
ഇനി പ്രസവസമയം വരെ ഒരു കുഴപ്പവുമില്ലാതെ കഴിഞ്ഞു കൂടി, വീട്ടില്‍ നിന്ന് തന്നെ പ്രസവിച്ചേക്കാം എന്നാണെങ്കില്‍, പ്രസവസമയത്ത് എപ്പോള്‍ വേണമെങ്കിലും അപസ്മാരം വരാം, കുഞ്ഞ് പുറത്ത് വരാതെ പ്രസവപാതയില്‍ കുടുങ്ങി പോവാം, മറുപിള്ള പുറത്ത് വരാതെയിരിക്കാം, പ്രസവശേഷം കടുത്ത ബ്ലീഡിങ് ഉണ്ടാകാം, അമിതസമ്മര്‍ദം മൂലം ഗര്‍ഭപാത്രം തകര്‍ന്ന് പോകാം... അമ്മയോ കുഞ്ഞോ രണ്ടാളോ തന്നെയോ മരണപ്പെടാം...ഇവയെല്ലാം തന്നെ ലക്ഷണങ്ങള്‍ നോക്കിയും പരിശോധിച്ചും ചിലപ്പോള്‍ തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്തും വിദഗ്ധരായ ഡോക്ടര്‍ക്ക് കണ്ടെത്താവുന്നതും തടയാവുന്നതോ ചികില്‍സിക്കാവുന്നതോ ആയിട്ടുള്ള കാര്യങ്ങളുമാണ്.
ശരി ഇത്രയൊക്കെ വായിച്ചു.. ഇനി ആ മറ്റേ ഡയലോഗ് ആയാലോ? എന്റെ മുത്തശ്ശിക്ക് ഇപ്പൊ തൊണ്ണൂറ് വയസ്സായി, പയറ് പോലെ ഇരിപ്പുണ്ട്. ഒരു അയണും കഴിച്ചില്ല, കുത്തിവെപ്പും എടുത്തില്ല, പതിനാല് പെറ്റു...
ലഭ്യമായ കണക്കുകള്‍ പ്രകാരം 1970 കാലഘട്ടത്തില്‍ കേരളത്തില്‍ ഗര്‍ഭിണിയായിരിക്കെയോ പ്രസവത്തെ തുടര്‍ന്നോ മരണപ്പെട്ട സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തില്‍ എഴുപത്തഞ്ച് ആണ്. ഇപ്പോഴുള്ളത്തിന്റെ നാലിരട്ടി. ആ കാലത്ത് ആയിരം കുട്ടികള്‍ ജനിക്കുന്നതില്‍ അന്‍പത്തിമൂന്ന് പേര്‍ ഒരു വയസ്സെത്തും മുന്നേ മരണപ്പെട്ടിരുന്നുവെങ്കില്‍ ഇന്നത് ആയിരം കുഞ്ഞുങ്ങളില്‍ ആറ് പേര്‍ മാത്രമാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെ മനുഷ്യരുടെ ഇരട്ടി ജീവിദൈര്‍ഘ്യവും ഇന്നത്തെ മലയാളിക്കുണ്ട്. ഒക്കെ വാക്‌സിനും മറ്റ് ആധുനികചികിതത്സാരീതികളും ചേര്‍ന്ന് നല്‍കിയവ തന്നെയാണ്.
വിരോധാഭാസം എന്താണെന്നു വെച്ചാല്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, വാട്‌സപ്പിലൂടെയും യുട്യൂബ് ചാനലിലൂടെയും നമ്മുടെ നാടിനെ തിരിച്ച് ആ പഴയ കാലത്തേക്ക് തിരികെ വലിച്ചിടാനുള്ള വിചിത്രമായ ശ്രമങ്ങളാണ് നടക്കുന്നത് എന്നതാണ്. വീട്ടുപ്രസവങ്ങളുടെ കാലമൊക്കെ കടന്ന് കേരളം ഇപ്പോള്‍ ഏറെ മുന്നിലാണ്...നമ്മുടെ വാഹനം ചലിക്കേണ്ടതും ആ ദിശയില്‍ മാത്രമാണ്... ഏറെ അഭിമാനത്തോടെ എന്റെ നാടിന്റെ ആരോഗ്യവ്യവസ്ഥയെക്കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും വേറെ സംസ്ഥാനങ്ങളില്‍ സംസാരിക്കുന്നൊരാള്‍ക്ക് ഈ വിളിച്ചു വരുത്തിയ ദുരന്തം അത്യന്തം വേദനാജനകമാണ്...
ഇനിയൊരു അമ്മക്കും ഈ ഗതി വരാതിരിക്കട്ടെ..
മരണമടഞ്ഞ അമ്മയുടെ മക്കള്‍ക്കും കുടുംബത്തിനും ഇത് സഹിക്കാനുള്ള ക്ഷമയുണ്ടാകട്ടെ...